‘കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി കാത്തിരിക്കുന്നു’; പരിഹസിച്ച് സാറാ ജോസഫ്
തൃശൂര്‍: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ(എന്‍ഇപി) ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവച്ച സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എഴുത്തുകാരിയുടെ വിമര്‍ശനം. ‘കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി’ എന്നായിരുന്നു കുറിപ്പ്.
മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ഡല്‍ഹിയിലെത്തി പദ്ധതിയില്‍ ഒപ്പുവച്ചത്. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയായിരുന്നു നടപടി. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് ഇന്നലെ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. സിപിഐയെ അനുനയിപ്പിക്കാനെന്ന പേരില്‍ സിപിഎം നേതൃത്വം ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ്, ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തി രഹസ്യമായി ഒപ്പിട്ടത്.
പദ്ധതിയുടെ ഭാഗമായതോടെ, രണ്ടു വര്‍ഷമായി കേന്ദ്രം തടഞ്ഞുവച്ച സമഗ്ര ശിക്ഷാ കേരളയ്ക്കുള്ള 1,500 കോടിയുടെ ഫണ്ട് വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.