‘അധികാരം കിട്ടാത്തതിന്‍റെ രോഷം’; തെര. കമ്മീഷനെതിരായ ആരോപണങ്ങളില്‍ രാഹുലിന് ജഡ്ജിമാരും റിട്ട. ബ്യൂറോക്രാറ്റുകളും ഉള്‍പ്പെടെ 272 പൗരപ്രമുഖരുടെ തുറന്ന കത്ത്
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രമുഖരുടെ തുറന്ന കത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കത്ത്. 16 വിരമിച്ച ജഡ്ജിമാർ, 123 റിട്ട. ഉദ്യോഗസ്ഥർ, 14 മുൻ അംബാസഡർമാർ, 133 വിരമിച്ച സായുധ സേനാ ഉദ്യോഗസ്ഥർ എന്നിവരടക്കം 272 പേർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
‘ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരായ ആക്രമണം’ എന്ന തലക്കെട്ടോടുകൂടിയ കത്തിൽ, പ്രതിപക്ഷ നേതാക്കൾ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രാജ്യത്ത് ഒരു സ്ഥാപനപരമായ തകർച്ചയുടെ പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു. സായുധ സേനയുടെയും നീതിന്യായ വ്യവസ്ഥയുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ഇസിഐയുടെ സമഗ്രതയെ ആക്രമിക്കുന്നത് എന്നും കത്തിൽ എടുത്തുപറയുന്നു.
‘വോട്ട് മോഷണം’ പോലുള്ള ആരോപണങ്ങൾ ആവർത്തിക്കുന്ന രാഹുൽ ഗാന്ധി, തൻ്റെ വാദങ്ങൾ തെളിയിക്കുന്നതിന് ഔപചാരികമായ പരാതിയോ സത്യവാങ്മൂലമോ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഒപ്പിട്ടവർ ചൂണ്ടിക്കാട്ടി. കൂടാതെ, കമ്മീഷന്‍ ബിജെപിയുടെ ബി-ടീം പോലെ പ്രവർത്തിച്ചുവെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളും പരിശോധനയിൽ തകർന്നുപോയെന്നും കത്ത് വാദിക്കുന്നു.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട നേതാക്കൾ, തങ്ങളുടെ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിനുപകരം ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ്. സുതാര്യതയും നിയമപരമായ ഉത്തരവാദിത്തവും തുടരണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷനോട് മാന്യമായ പെരുമാറ്റം നിലനിർത്തണമെന്നും രാഷ്ട്രീയ നേതാക്കളോടും കത്ത് ആവശ്യപ്പെടുന്നു.