പാലത്തായി പീഡനക്കേസില്‍ പ്രതി കുനിയില്‍ പത്മരാജന്‍ കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ
കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച പാനൂര്‍ പാലത്തായി പീഡനക്കേസില്‍ പ്രതി കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ കുറ്റക്കാരന്‍. നാലാംക്ലാസുകാരിയെ സ്‌കൂളില്‍ പീഡിപ്പിച്ച കേസിലാണ് അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പത്മരാജനെ പ്രതിയാണെന്ന് തലശ്ശേരി പോക്‌സോ അതിവേഗ പ്രത്യേക കോടതി കണ്ടെത്തിയത്. ജഡ്ജി എം.ടി ജലജ റാണി നാളെ ശിക്ഷ പ്രഖ്യാപിക്കും.
2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി പ്രതി മൂന്ന് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 മാര്‍ച്ച് 17നാണ് പത്മരാജന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കിയത്.
അതിജീവിതയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ് പ്രതിക്ക് അനുകൂലമായ നിലപാടെടുത്തതോടെ പാലത്തായി പീഡനക്കേ വലിയ വിവാദമായിരുന്നു. പീഡന തീയതി ഓര്‍മയില്ലെന്ന് കുട്ടി മൊഴി നല്‍കിയതോടെയാണ് പൊലീസിലെ ഒരു വിഭാഗം കേസ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പാനൂര്‍ എസ്.എച്ച്.ഒ ടി.പി ശ്രീജിത്ത് ആണ് പ്രതിക്ക് അനുകൂലമായി ആദ്യം രംഗത്തുവന്നത്. പ്രതി സ്‌കൂളില്‍ ലീവായിരുന്ന ദിവസം പീഡന തീയതിയാക്കി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തി. പൊലീസ് പറഞ്ഞ തീയതിയാണ് പീന്നീട് കുട്ടി കൗണ്‍സലര്‍മാരോടും ഡോക്ടറോടും പറഞ്ഞിരുന്നത്.
ഒടുവില്‍ ഹൈകോടതി ഇടപെടലില്‍ ക്രൈം ബ്രാഞ്ചാണ് പ്രതിക്കെതിരെ പോക്‌സോ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.