‘കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചില്ല’; പാലത്തായി പോക്സോ കേസിൽ കെ.കെ ശൈലജയ്ക്ക് കോടതിയുടെ വിമർശനം
കണ്ണൂർ : പാലത്തായി പോക്സോ കേസിൽ പ്രതിക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച വിധിന്യായത്തിൽ, മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ തലശ്ശേരി ജില്ലാ പോക്സോ കോടതിയുടെ വിമർശനം. ഇരയായ കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ മന്ത്രി എന്ന നിലയിൽ നടപടിയെടുക്കാതിരുന്നതിനാണ് കോടതിയുടെ വിമർശനം.
കൗൺസലിങ്ങിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയ കൗൺസലർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയുടെ മാതാവ് അന്നത്തെ മന്ത്രിയായിരുന്ന കെ.കെ ശൈലജക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കോടതി വിധിന്യായത്തിൽ എടുത്തുപറയുന്നു.
സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള കൗൺസലർമാർ കൗൺസലിങ്ങിന്റെ പേരിൽ കുട്ടിയെ മാനസികമായി പീഡിപ്പിച്ചു എന്നും, അവർ ജോലിയിൽ തുടരാൻ അർഹരല്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട്, അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗൺസലർമാരെ ഉടൻ പിരിച്ചുവിടണമെന്നും കോടതി വിധിന്യായത്തിൽ കർശന നിർദേശം നൽകി.
കഴിഞ്ഞ ശനിയാഴ്ചയാണ് പാലത്തായി പോക്‌സോ കേസ് പ്രതിയായ കുനിയിൽ പത്മരാജന് മരണംവരെ ജീവപര്യന്തം ശിക്ഷ വിധിച്ച് തലശ്ശേരി പോക്സോ കോടതി വിധി പുറപ്പെടുവിച്ചത്. ഈ സുപ്രധാന വിധിന്യായത്തിലാണ് മുൻമന്ത്രിയെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.