‘വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ 3,000 വ്യാജ നമ്പറുകള്‍; ഒടിപി മറികടക്കാന്‍ ഒടിപി ബൈപ്പാസ്’-അലന്ദ് വോട്ട് കൊള്ളയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് വോട്ടര്‍ പട്ടിക തിരുത്തല്‍ കേസില്‍, പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ സ്വദേശി ബാപ്പി അദ്യയുടെ തട്ടിപ്പ് രീതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 27 വയസ്സുകാരനായ അദ്യക്ക് ഒ.ടി.പി ബൈപാസ് സേവനത്തിനായി ഓരോന്നിനും 700 രൂപയാണ് ലഭിച്ചിരുന്നത്. OTPbazaar എന്ന വെബ്‌സൈറ്റ് വഴി കളബുറഗിയിലെ ഡാറ്റാ സെന്ററില്‍ നിന്ന് കൈമാറ്റം ചെയ്ത പണം ഭാരത്പേ ഗേറ്റ്വേ വഴി ഇയാളുടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യാന്‍ വ്യാജ ഐഡന്റിറ്റികള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സേവനങ്ങള്‍ അനധികൃതമായി ഉപയോഗിക്കാന്‍ ഇയാള്‍ സൗകര്യമൊരുക്കി. അലന്ദില്‍ 202223 കാലയളവില്‍ സമര്‍പ്പിച്ച 6,018 ഫോം 7 അപേക്ഷകളില്‍ 5,994 എണ്ണവും വ്യാജമായിരുന്നു. ഈ വ്യാജ അപേക്ഷകളില്‍ 3,000-ത്തിലധികം വ്യാജ നമ്പറുകള്‍ ഉപയോഗിച്ചു. ഈ അപേക്ഷകള്‍ ഇ.സി.ഐയുടെ വിവിധ ആപ്പുകളിലായി സൃഷ്ടിച്ച 72 അക്കൗണ്ടുകള്‍ വഴിയാണ് സമര്‍പ്പിച്ചത്.
അദ്യ, പത്ത് രൂപയ്ക്ക് മൊബൈല്‍ നമ്പറുകളും ഒ.ടി.പികളും ക്ലയിന്റുകള്‍ക്ക് നല്‍കുന്ന രണ്ട് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ നടത്തിയിരുന്നതായി എസ്.ഐ.ടി കണ്ടെത്തി. 17 സംസ്ഥാനങ്ങളിലെ 75 പേരുടെ മൊബൈല്‍ നമ്പറുകളാണ് ഇതിലൂടെ ദുരുപയോഗം ചെയ്യപ്പെട്ടത്. സിം ഉടമകള്‍ അറിയാതെ ഒ.ടി.പി.കള്‍ ചോര്‍ത്താന്‍ കഴിയുന്ന ഈ സംവിധാനം മറ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും സാധ്യത നല്‍കുന്നുണ്ട്.
അലന്ദ് തിരിമറി നടക്കുന്ന സമയത്ത് ഇ.സി.ഐ. പോര്‍ട്ടലുകളില്‍ ഒറ്റ-ഘടക ഒ.ടി.പി ഓതന്റിക്കേഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് തട്ടിപ്പിന് വഴി തുറന്നത്. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഇ.സി.ഐ. ഇപ്പോള്‍ ആധാര്‍ അധിഷ്ഠിത ഒ.ടി.പി. വെരിഫിക്കേഷന്‍ സംവിധാനം നടപ്പിലാക്കി. ഇയാളില്‍ നിന്ന് രണ്ട് ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കേസില്‍ കൂടുതല്‍ പേരെ കണ്ടെത്താന്‍ എസ്.ഐ.ടി അന്വേഷണം വ്യാപിപ്പിച്ചു.