ആ ‘സീക്രട്ട് ഡിവൈസി’ന്‍റെ ആദ്യ രഹസ്യം പുറത്ത്; വെളിപ്പെടുത്തി സാം ആൾട്ട്മാനും ജോണി ഐവും
സാന്‍ ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തെ അതികായരായ ഓപണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാനും ആപ്പിളിന്റെ മുന്‍ ഡിസൈന്‍ മേധാവി ജോണി ഐവും ചേര്‍ന്ന് വികസിപ്പിക്കുന്ന എഐ ഹാര്‍ഡ്വെയര്‍ ഉപകരണത്തെക്കുറിച്ചുള്ള ആദ്യ രഹസ്യങ്ങള്‍ പുറത്ത്. മനുഷ്യരാശിയുടെ കമ്പ്യൂട്ടിങ് രീതികളെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ ‘രഹസ്യ ഡിവൈസ്’. നിലവിലെ സ്മാര്‍ട്ട്ഫോണുകള്‍ സൃഷ്ടിക്കുന്ന അമിതാസക്തിയില്‍നിന്ന് ഉപയോക്താക്കള്‍ക്ക് മോചനം നല്‍കി, കൂടുതല്‍ ലളിതവും ശാന്തവുമായ അനുഭവം നല്‍കുക എന്നതാണ് ഈ ഉപകരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഐഫോണിലും ലളിതമായിരിക്കും ഈ ഡിവൈസ് എന്നാണ് ഇപ്പോള്‍ ആള്‍ട്ട്മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഐഫോണ്‍ ആണെന്ന് സമ്മതിക്കുമ്പോഴും, അത് ജീവിതത്തില്‍ സമാധാനമോ ശാന്തതയോ നല്‍കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് സ്മാര്‍ട്ട്ഫോണ്‍ യുഗത്തിനപ്പുറം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഈ സംരംഭമെന്നും ആള്‍ട്ട്മാന്‍ ചൂണ്ടിക്കാട്ടുന്നു.
ഡിസൈന്‍ മാസ്റ്ററായ ജോണി ഐവിന്റെ മേല്‍നോട്ടത്തില്‍ ഒരുങ്ങുന്ന ഈ ഉപകരണം ലാളിത്യത്തിനാണു പരമമായ പ്രാധാന്യം നല്‍കുന്നത്. അധിക ബട്ടണുകളുടെയോ ആപ്പുകളുടെയോ ആവശ്യമില്ലാതെ, ഉപയോക്താവിനുവേണ്ടിയുള്ള ജോലികള്‍ എഐ വളരെ എളുപ്പത്തില്‍ നിര്‍വഹിക്കും. ഏതാണ്ട് മനുഷ്യ മസ്തിഷ്‌കത്തിന്റെ സഹായം പോലുമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്നത്ര ലാളിത്യം ഉപകരണത്തിന്റെ രൂപകല്‍പ്പനയ്ക്ക് നല്‍കാനാണ് ഐവ് ശ്രമിക്കുന്നത്.
നിങ്ങളുടെ എല്ലാ വിവരങ്ങളും ഈ എഐ ഉപകരണത്തില്‍ ലഭ്യമാകും. വായന, സംസാരം തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച്, ഉപയോക്താവിന് വേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് നിര്‍വഹിക്കാന്‍ ഇതിന് സാധിക്കും. ത്രൈവ് കാപ്പിറ്റല്‍, എമേഴ്സണ്‍ കളക്ടീവ് എന്നിവരടക്കം പ്രമുഖ നിക്ഷേപക സ്ഥാപനങ്ങള്‍ പുതിയ ദൗത്യത്തിനു പിന്തുണയുമായി എത്തിയിട്ടുണ്ട്.
എഐ സോഫ്റ്റ്വെയറുകള്‍ക്ക് അനുയോജ്യമായ ഹാര്‍ഡ്വെയര്‍ സൃഷ്ടിക്കുക എന്ന സാം ആള്‍ട്ട്മാന്റെ പദ്ധതിയും ജോണി ഐവിന്റെ ലോകോത്തര ഡിസൈന്‍ വൈദഗ്ധ്യവുമാണ് ഈ കൂട്ടുകെട്ടിന്റെ ശക്തി. ഡിവൈസ് അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.