10/06/2026
[fontresizer_tawhidurrahmandear_widget]

അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി; ടൗൺഷിപ് നിർമാണം മന്ദഗതിയിൽ

 അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി;  ടൗൺഷിപ് നിർമാണം മന്ദഗതിയിൽ

കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മേപ്പാടിയിൽ ഒരുങ്ങുന്ന ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നത് ഗുണഭോക്താക്കളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെയാണ് നിർമാണ വേഗത കുറഞ്ഞത്. നേരത്തെ ആയിരത്തഞ്ഞൂറിലധികം തൊഴിലാളികൾ രാപകൽ ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

സാമ്പത്തിക വർഷാവസാനമായതിനാൽ റോഡ് നിർമാണ മേഖലയിലേക്ക് തൊഴിലാളികളെ മാറ്റിയതും, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെത്തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ആദ്യഘട്ടത്തിൽ കൈമാറേണ്ട 178 വീടുകളിൽ പലതിലും ടൈൽസ് പാകൽ, പ്ലമിംഗ് ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളുടെ പ്രവൃത്തിയും വൈകുകയാണ്. അടുത്ത മഴക്കാലത്തിന് മുൻപ് പുനരധിവാസം പൂർത്തിയാക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെടുമോ എന്ന പേടിയിലാണ് ദുരന്തത്തെ അതിജീവിച്ചവർ.

നിർമാണത്തിലെ കാലതാമസത്തിന് പുറമെ, പുനരധിവാസത്തിനുള്ള അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കാത്തതും വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. അട്ടമല, പടവെട്ടിക്കുന്ന് തുടങ്ങി വിവിധ മേഖലകളിലെ അർഹരായ കുടുംബങ്ങൾ ഇപ്പോഴും പട്ടികയ്ക്ക് പുറത്താണ്. ജനുവരി 31-നകം അപ്പീലുകൾ തീർപ്പാക്കി പട്ടിക പുറത്തിറക്കണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. നിലവിൽ സർക്കാർ നൽകുന്ന വാടക സഹായം മാത്രമാണ് കുടുംബങ്ങൾക്ക് ഏക ആശ്വാസം.

Also read: