02/06/2026
[fontresizer_tawhidurrahmandear_widget]

യുഡിഎഫ് സർക്കാർ നയപ്രഖ്യാപനം; സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്

 യുഡിഎഫ് സർക്കാർ നയപ്രഖ്യാപനം; സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ കന്നി നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര അർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് തങ്ങളുടെ പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ പ്രമുഖ വാഗ്ദാനങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ നയപ്രഖ്യാപനം. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും യഥാർത്ഥ ധനസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉടൻ തന്നെ ധവളപത്രം പുറപ്പെടുവിക്കുമെന്നും ഗവർണർ അറിയിച്ചു. കടുത്ത വെല്ലുവിളികൾക്കിടയിലും പൂർണ്ണമായും മാനുഷികതയിലൂന്നിയ സമീപനമായിരിക്കും പുതിയ സർക്കാരിനുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണി മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികൾക്ക് നയപ്രഖ്യാപനത്തിൽ കൃത്യമായ മുൻഗണന നൽകിയിട്ടുണ്ട്. 25 ലക്ഷം രൂപ വരെയുള്ള ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം, സാമൂഹ്യ ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തൽ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. ലഹരി മാഫിയക്കെതിരെ അതിശക്തമായ നടപടികൾ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പിൽ സമഗ്രമായ അഴിച്ചുപണി നടത്തും. ഐടി വകുപ്പിനെ ‘ഐടി ഫ്യൂച്ചർ ടെക്നോളജി ആൻഡ് സ്റ്റാർട്ടപ്പ്’ എന്നും ഐടി മിഷനെ ‘ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷൻ’ എന്നും പുനർനാമകരണം ചെയ്യും.

വിദ്യാഭ്യാസ-വനിതാ ക്ഷേമ മേഖലകളിൽ വലിയ മാറ്റങ്ങളാണ് നയപ്രഖ്യാപനം മുന്നോട്ടുവെക്കുന്നത്. വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി അനുവദിക്കും. കൂടാതെ കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ വീതം വിദ്യാഭ്യാസ ധനസഹായം നൽകും. യുവാക്കൾക്കായി നൈപുണ്യ വികസന പദ്ധതികളും യുവ സംരംഭകർക്ക് 5 ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പയും ലഭ്യമാക്കും. റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലാക്കി മാറ്റുകയും പട്ടയവിതരണം വേഗത്തിലാക്കാൻ ഭൂ നിയമങ്ങളിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തുകയും ചെയ്യും. ഭൂമി പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കും. വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നതിനൊപ്പം സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവീകരിക്കുകയും മാവേലി സ്റ്റോറുകളുടെയും റേഷൻ കടകളുടെയും എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും.

കർഷകരെ സഹായിക്കാൻ നെല്ല്, നാളികേരം, റബ്ബർ എന്നിവയ്ക്ക് ന്യായവില ഉറപ്പാക്കുമെന്നും വനിതാ കർഷകരെ ശാക്തീകരിക്കുന്നതിനായി ‘വുമൺ ഫാർമേഴ്‌സ് കൺസോർഷ്യം’ രൂപീകരിക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. തീരദേശ ജനതയുടെ സമഗ്ര മുന്നേറ്റത്തിനായി ‘മിഷൻ സമുദ്ര’ പദ്ധതി നടപ്പിലാക്കും. ആരോഗ്യ മേഖലയിൽ ആധുനിക സംവിധാനങ്ങൾ ഉറപ്പുവരുത്തി ചെലവുകുറഞ്ഞ ചികിത്സ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സഹകരണ മേഖലയിലെ സാമ്പത്തിക തട്ടിപ്പുകളെ കർശനമായി നേരിടുമെന്നും തദ്ദേശ തലത്തിൽ വയോമിത്രം പദ്ധതിയും ഡിമൻഷ്യ ഡേ കെയറുകളും ആരംഭിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. വഖഫ് ബോർഡ് നവീകരണം, ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ‘മലബാർ ടെംപിൾ പിൽഗ്രിം പ്രോജക്ട്’, സമഗ്ര സിനിമ നയം, അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കൽ എന്നിവയും പുതിയ സർക്കാരിന്റെ മുൻഗണനാ പട്ടികയിലുണ്ട്.

Also read: