21/07/2026
[fontresizer_tawhidurrahmandear_widget]

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുലിന്റെ നേതൃത്വത്തിൽ പ്രതിഷേധം; സമരവേദിയിൽ വി.ഡി. സതീശനും

 പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുലിന്റെ നേതൃത്വത്തിൽ പ്രതിഷേധം; സമരവേദിയിൽ വി.ഡി. സതീശനും

ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധത്തിന് നേർക്ക് ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ അപ്രതീക്ഷിത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കേരള മുഖ്യമന്ത്രി വി.ഡി സതീശൻ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സി.ജെ.പി നടത്തിയ പ്രക്ഷോഭം വൻ സംഘർഷത്തിലാണ് കലാശിച്ചത്. സംഭവത്തിന് ഉത്തരവാദികളായ പ്രധാനമന്ത്രിയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം.

സി.ജെ.പി പ്രതിഷേധത്തിനിടെ വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ആർ.എം.എൽ. ആശുപത്രിയിലെത്തി രാഹുൽ ഗാന്ധി നേരിട്ട് സന്ദർശിച്ചിരുന്നു. ഈ വിഷയം പാർലമെന്റിലും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സമരം ആരംഭിച്ചത്. കർണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ള പ്രമുഖ നേതാക്കളും ധർണ്ണയിൽ അണിനിരന്നിട്ടുണ്ട്.

വൈകീട്ട് മൂന്നു മണിക്ക് എല്ലാ കോൺഗ്രസ് എം.പിമാരോടും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിൽ എത്താൻ നേരത്തെ നിർദേശം നൽകിയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായായിരുന്നു രാജ്യസഭയിലെയും ലോക്‌സഭയിലെയും ജനപ്രതിനിധികളെ വസതിയിലേക്ക് ക്ഷണിച്ചത്. എന്നാൽ ഇവിടെ നിന്നാണ് അപ്രതീക്ഷിതമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എം.പിമാർ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന അതീവ സുരക്ഷാ പാതയിൽ ഇരുന്നാണ് എം.പിമാർ ധർണ നടത്തുന്നത്.

കേരളത്തിൽ നിന്നുള്ള എം.പിമാർ ഉൾപ്പെടെയുള്ള വലിയ നിര സമരത്തിൽ ഭാഗമാകുന്നുണ്ട്. കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബലം പ്രയോഗിച്ചാണ് എം.പിമാരെ പോലീസ് സ്ഥലത്തുനിന്ന് നീക്കിയത്. പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ചുറ്റും എം.പിമാർ സംരക്ഷണം തീർത്തു വളഞ്ഞു നിൽക്കുകയാണ്.

Also read: