21/07/2026
[fontresizer_tawhidurrahmandear_widget]

മഴ കനത്തതോടെ കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ

 മഴ കനത്തതോടെ കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ

വയനാട്: കനത്ത മഴയെത്തുടർന്ന് വയനാട് കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്ന് രാവിലെ 10 മണിയോടെയാണ് ചെറിയ തോതിൽ വീണ്ടും മണ്ണൊലിപ്പ് തുടങ്ങിയത്. ഇന്നലെ രാവിലെ 11:15 ഓടെയുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരണപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

കൂടുതൽ കാര്യക്ഷമമായ രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയെ നാല് സോണുകളായി തിരിച്ചിട്ടുണ്ട്. എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. മനുഷ്യസാന്നിധ്യം തിരിച്ചറിയുന്ന ഡിറ്റക്ടറുകളും കെഡാവർ നായ്ക്കളും പരിശോധനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. മണ്ണിടിഞ്ഞ് പൂർണമായി തടസ്സപ്പെട്ടിരുന്ന 200 മീറ്ററോളം റോഡ് 12 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കി. റോഡിന്റെ ഇരുവശങ്ങളിലും പുഴയുടെ ഭാഗത്തും അടിഞ്ഞുകൂടിയ മൺകൂനകൾക്കിടയിലാണ് ഇനി പ്രധാനമായും തിരച്ചിൽ നടത്താനുള്ളത്.

സുരക്ഷ മുൻനിർത്തി പ്രദേശത്ത് നിന്ന് ആളുകളെ പൂർണമായും മാറ്റിപ്പാർപ്പിച്ചു. നിലവിൽ പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശന വിലക്കുണ്ട്; സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവർക്ക് മാത്രമാണ് പ്രവേശനാനുമതി. മഴ തുടരുന്നതിനാൽ വീണ്ടും മണ്ണിടിച്ചിൽ രൂക്ഷമാകുമോ എന്നും അത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമോ എന്നുമുള്ള ആശങ്ക ശക്തമാണ്.

Also read: