‘അവരെ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കണം’; വയനാട്ടിലെ ലീഗ് ടൗൺഷിപ്പിൽ സന്ദർശകർക്ക് കർശന വിലക്ക്
മേപ്പാടി: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് നിർമിച്ച് നൽകിയ തൃക്കൈപ്പറ്റയിലെ ‘സ്‌നേഹഭവന’ങ്ങളിലേക്ക് സന്ദർശകർക്ക് കർശന നിരോധനം ഏർപ്പെടുത്തി. പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഇനി ഈ വീടുകളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.
പദ്ധതി പ്രദേശത്തെ ആദ്യഘട്ടത്തിൽ പൂർത്തിയായ 51 വീടുകളിലും കുടുംബങ്ങൾ താമസം ആരംഭിച്ചുകഴിഞ്ഞു. എന്നാൽ, ബസ്സുകളിലും മറ്റും വിനോദസഞ്ചാരത്തിന് എത്തുന്നതുപോലെ നിരവധി ആളുകൾ ഈ ടൗൺഷിപ്പിലേക്ക് എത്തുന്നത് താമസക്കാരുടെ സൈ്വര്യജീവിതത്തിന് തടസമാകുന്നുണ്ട്. പലരും വീടുകൾക്കുള്ളിൽ കയറുന്നത് ഗുണഭോക്താക്കൾക്ക് അലോസരം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പാർട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്നും പി.എം.എ സലാം വാർത്താകുറിപ്പിൽ അറിയിച്ചു.
‘ഓരോ വീടുകളും ഇപ്പോൾ ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്താണ്. വലിയ സൗകര്യങ്ങളിൽ കഴിഞ്ഞിരുന്ന ഇവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് മുസ്ലിം ലീഗ് വീടുകൾ കൈമാറിയത്. പഴയ ദുരന്തത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്നത് പലർക്കും മാനസികമായ ആഘാതമുണ്ടാക്കുന്നുണ്ട്. പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന അവരെ സന്ദർശകരുടെ ആധിക്യം ബുദ്ധിമുട്ടിക്കരുത്,’ പി.എം.എ സലാം ചൂണ്ടിക്കാട്ടി.
വീടുകൾ കൈമാറിയതോടെ പാർട്ടിയുടെ ഉത്തരവാദിത്തം അവസാനിച്ചുവെന്നും യാതൊരു തരത്തിലുള്ള അവകാശബോധത്തോടെയും പ്രവർത്തകർ ആ മണ്ണിലേക്ക് പോകരുതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കർശന നിർദേശം നൽകിയിട്ടുണ്ട്. ഈ നിർദേശം ഉൾക്കൊണ്ട് പ്രവർത്തകർ പദ്ധതി പ്രദേശത്തേക്കുള്ള സന്ദർശനം പൂർണമായും ഒഴിവാക്കണമെന്നും ഇന്ന് മുതൽ അടുത്ത ബന്ധുക്കളല്ലാത്ത ആരെയും വീടുകളിലേക്ക് പ്രവേശിപ്പിക്കില്ലെന്നും പാർട്ടി അറിയിച്ചു.
അവശേഷിക്കുന്ന 54 വീടുകളുടെ നിർമാണം ഇതേ പ്രദേശത്ത് പുരോഗമിക്കുകയാണ്. അത് പൂർത്തിയാകുമ്പോഴേക്കും ടൗൺഷിപ്പ് പൂർണമായും കുടുംബങ്ങളുടെ സ്വകാര്യ ഇടമായി മാറ്റാനാണ് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത്.