21/07/2026
[fontresizer_tawhidurrahmandear_widget]

‘വഖഫിൽ പ്രതിപക്ഷ നേതാവ് കള്ളംപറയുന്നു, ഇതര മതസ്ഥരെ ബോർഡിൽ വെക്കാമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ല’ -പിഎംഎ സലാം

 ‘വഖഫിൽ പ്രതിപക്ഷ നേതാവ് കള്ളംപറയുന്നു, ഇതര മതസ്ഥരെ ബോർഡിൽ വെക്കാമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ല’ -പിഎംഎ സലാം

മലപ്പുറം: വഖഫ് ബോർഡിന് കോടതി നിയന്ത്രണമേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വിഷയത്തിൽ സർക്കാർ ഹരജിക്കാർക്കൊപ്പം ഒത്തുകളിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കള്ളം പറയുകയാണെന്നും പിഎംഎ സലാം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ഇതര മതസ്ഥരെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് ബോർഡുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള നാല് കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സലാമിന്റെ പ്രതികരണം. ഷിയാ, ബോറ സമുദായങ്ങളുടെ പ്രതിനിധി പ്രാതിനിധ്യം, സാങ്കേതികവും നിയമപരവുമായ മാനദണ്ഡങ്ങളിലെ വീഴ്ച എന്നിവയ്ക്ക് പുറമെ, രണ്ട് അമുസ്‌ലിം പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹരജിയും കോടതിക്ക് മുന്നിലുണ്ട്. ഈ കേസുകൾ ഒരുമിച്ച് പരിഗണിച്ചാണ് ഹൈക്കോടതി വിചാരണ ആരംഭിച്ചത്. സാങ്കേതികവും നിയമപരവുമായ വ്യവസ്ഥകളിൽ പാളിച്ചകളുണ്ടെങ്കിൽ അത് പരിശോധിക്കാമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. അല്ലാതെ അമുസ്‌ലിംകളെ ഉൾപ്പെടുത്താമെന്ന് സമ്മതിച്ചിട്ടില്ലെന്ന് സലാം വിശദീകരിച്ചു.

തമിഴ്‌നാട് വഖഫ് ബോർഡ് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട അപ്പീൽ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് അനുസൃതമായ തീരുമാനങ്ങളാകും കേരള സർക്കാർ ഇക്കാര്യത്തിൽ കൈക്കൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ വന്നപ്പോൾ മുതൽ ലീഗ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ദേവസ്വം ബോർഡിലോ ചർച്ചുകളിലോ മറ്റു സമുദായങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്താത്തതുപോലെ, വഖഫ് ബോർഡിൽ മുസ്‌ലിംകൾ അല്ലാത്തവർ വരുന്നത് ശരിയല്ലെന്ന നിലപാടിൽ മുസ്‌ലിം ലീഗ് ഉറച്ചുനിൽക്കുന്നുവെന്നും പിഎംഎ സലാം വ്യക്തമാക്കി.

Also read: