21/07/2026
[fontresizer_tawhidurrahmandear_widget]

കള്ളാടി മണ്ണിടിച്ചിൽ: അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി; മരണം എട്ടായി

 കള്ളാടി മണ്ണിടിച്ചിൽ: അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി; മരണം എട്ടായി

വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ഹിമാചൽ പ്രദേശ് സ്വദേശിയായ ബിക്രം റാണയുടെ മൃതദേഹമാണ് ദീർഘനേരം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. അപകടം നടന്ന് ആറാം ദിവസമാണ് മീനാക്ഷി പാലത്തിന് ഏതാണ്ട് 150 മീറ്റർ അകലെ മാറി മൃതദേഹം കണ്ടെത്താനായത്. ദുരന്തത്തിൽപ്പെട്ട മറ്റ് ഏഴ് പേരുടെ മൃതദേഹങ്ങൾ നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം എട്ടായി.

കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് മഴയുടെ തീവ്രത കുറഞ്ഞത് തിരച്ചിൽ നടപടികൾക്ക് ഏറെ സഹായകമായി. ഫയർഫോഴ്‌സ് സംഘവും മുന്നൂറിലധികം വരുന്ന സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും ചേർന്നാണ് റാണയ്ക്കായി പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിവന്നിരുന്നത്. കള്ളാടി ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണ കരാർ കമ്പനിയായ ‘ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിലെ’ കൺസ്ട്രക്ഷൻ മാനേജരായിരുന്നു ബിക്രം റാണ. കഴിഞ്ഞ അഞ്ചര വർഷമായി ഇദ്ദേഹം ഈ കമ്പനിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

അതിനിടെ, മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വരെയും ധനസഹായം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്നാണ് ഇതിനാവശ്യമായ തുക അനുവദിച്ചിട്ടുള്ളത്.

Also read: