21/07/2026
[fontresizer_tawhidurrahmandear_widget]

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായി സംശയം, തിരച്ചിൽ തുടരുന്നു

 വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായി സംശയം, തിരച്ചിൽ തുടരുന്നു

വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ വലിയ അപകടം. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണ് വൻതോതിൽ ഇടിഞ്ഞുവീണത്. അപകടത്തിൽ ആളുകളും വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്. നിലവിൽ സംഭവസ്ഥലത്തുനിന്ന് ഒരാളെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഫയർഫോഴ്സും എൻ.ഡി.ആർ.എഫ് (NDRF) സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

വലിയ തോതിൽ മണ്ണ് ഇടിഞ്ഞുവീണതിനെത്തുടർന്ന് മീനാക്ഷി പാലം ഇപ്പോൾ അപകടാവസ്ഥയിലാണ്. മുൻകരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളിൽ താമസിക്കുന്ന വീട്ടുകാരെ അടിയന്തരമായി ഒഴിപ്പിച്ചു വരികയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി – ചൂരൽമല റോഡിൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടു. കൽപ്പറ്റയിൽ നിന്നുള്ള അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ ഇതിനകം തന്നെ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ യൂണിറ്റുകൾ മേപ്പാടിയിലേക്ക് തിരിച്ചു.

കഴിഞ്ഞദിവസം മേപ്പാടി മേഖലയിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 226 എം.എം മഴയാണ് ഇവിടെ പെയ്തിറങ്ങിയത്. ഇതാണ് കനത്ത മണ്ണിടിച്ചിലിന് കാരണമായത്. അപകടത്തിന് പിന്നാലെ മന്ത്രി ടി. സിദ്ധിഖ് മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സംബന്ധിച്ച് അടിയന്തര ചർച്ച നടത്തുകയും ചെയ്തു. സ്ഥലത്ത് രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ വേഗത്തിലാക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Also read: