ഹാജർ രേഖപ്പെടുത്തി നേരെ സ്വകാര്യ ആശുപത്രിയിലേക്ക്, മാസം 10 ലക്ഷം ശമ്പളം; മെഡിക്കൽ കോളേജ് ഡോക്ടറെ കൈയോടെ പിടികൂടി വിജിലൻസ്
കോഴിക്കോട്: വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി. ശിവപ്രസാദിനെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടി. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, രോഗികളെന്ന വ്യാജേനയെത്തിയ വിജിലൻസ് സംഘം മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
മാനന്തവാടി മെഡിക്കൽ കോളേജിലെത്തി ദിവസവും ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് ഇയാൾ സ്വകാര്യ ആശുപത്രിയിലേക്ക് മുങ്ങിയിരുന്നത്. നോൺ പ്രാക്ടീസിങ് അലവൻസ് ഉൾപ്പെടെ സർക്കാരിൽ നിന്ന് 3 ലക്ഷം രൂപയും സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം രൂപയുമടക്കം പ്രതിമാസം 10 ലക്ഷം രൂപയാണ് ഇയാൾ കൈപ്പറ്റിയിരുന്നത്. മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുമ്പോഴും ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തതിന് ഇയാൾ സസ്പെൻഷനിലായിട്ടുണ്ട്. പിന്നീട് ആരോഗ്യവകുപ്പിലെ ഉന്നതരെ സ്വാധീനിച്ചാണ് മാനന്തവാടിയിലേക്ക് സ്ഥലംമാറ്റം വാങ്ങിയത്. സർക്കാർ ശമ്പളം വാങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർക്കെതിരെ ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ ഈ നീക്കം.