ആർടിഒ ഓഫിസ് വരാന്തയിലെ ചെടിച്ചെട്ടിയിൽ സൂക്ഷിച്ച 17150 രൂപ കണ്ടെടുത്തു
കാസർകോട്: മോട്ടർ വാഹന വകുപ്പിന്റെ കാസർകോട് ജില്ലയിലെ ഓഫിസുകളിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ചെടിച്ചട്ടിയിൽ സൂക്ഷിച്ച 17150 രൂപ കണ്ടെടുത്തു. കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, വിദ്യാനഗർ എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് പരിശോധന നടത്തിയത്. ഇവിടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎസ്പി വി.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ വിദ്യാനഗർ ആർടിഒ ഓഫിസിൽ നടത്തിയ പരിശോധനയിലാണ് ഓഫിസ് വരാന്തയിലെ ചെടിച്ചെട്ടിയിൽ സൂക്ഷിച്ച നിലയിൽ 17150 രൂപ കണ്ടെത്തിയത്. ഇത് ക്രമവിരുദ്ധമായി ലഭിച്ച പണമാണെന്നാണ് സംശയിക്കുന്നത്.
കാഞ്ഞങ്ങാട് ആർടിഒ ഓഫിസിൽ നടത്തിയ പരിശോധനയിൽ ഓഫിസ് സ്റ്റാഫിന്റെ കയ്യിൽനിന്ന് വാഹന സംബന്ധമായ അപേക്ഷകൾ, രേഖകൾ, ഏജന്റുമാർ നൽകേണ്ട ഇരുപതിലേറെ സമ്മത പത്രങ്ങൾ എന്നിവ കണ്ടെടുത്തു. ഉച്ചയ്ക്ക് ശേഷവും ആർടിഒ ഓഫിസുകളിൽ ഏജന്റുമാരുടെ സാന്നിധ്യം സംശയമുളവാക്കി. ജില്ലയിലെ ആർടിഒ ഓഫിസുകൾ കേന്ദ്രീകരിച്ചു വ്യാപകമായി ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായും പൊതുജനങ്ങളുടെ പരാതി പരിഗണിക്കാതെ ഏജന്റുമാർ മുഖേന നൽകുന്ന അപേക്ഷകൾ തീർപ്പാക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാഞ്ഞങ്ങാട് ഇൻസ്‌പെക്ടർ പി.നാരായണനും വെള്ളരിക്കുണ്ടിൽ കണ്ണൂർ വിജിലൻസ് ഇൻസ്‌പെക്ടർ കെ.സുനിൽകുമാറുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.