6 വധശ്രമക്കേസുകൾ; സുഗതനെ അയോഗ്യനാക്കണമെന്ന് സിപിഎമ്മും കോൺഗ്രസും
തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ.സുഗതനെ അയോഗ്യനാക്കണമെന്ന് സിപിഎമ്മും കോൺഗ്രസും. 6 വധശ്രമക്കേസുകൾ നിലവിലുള്ള പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. സുരക്ഷാ കാരണങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇന്ന് വിയ്യൂരിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
6 വധശ്രമക്കേസുകളടക്കം 11 കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതിനുപുറമെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ കയ്യേറ്റം ചെയ്തതിനു മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാർച്ചിലെ വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞ സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ തിങ്കളാഴ്ച കലക്ടർ ഇയാൾക്കെതിരെ കലക്ടർ കാപ്പ ചുമത്തി. ഇതോടെയാണ് രഹസ്യനീക്കത്തിൽ വട്ടിയൂർക്കാവ് സിഐ എ.സി.വിപിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ചൊവ്വാഴ്ച രാത്രി സുഗതന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
6 വധശ്രമക്കേസുകൾ, ഭീഷണിപ്പെടുത്തൽ, വഴിതടയൽ, പോലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചു തകർക്കൽ, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ആയുധം കൊണ്ടു മാരകമായി പരിക്കേൽപിക്കൽ തുടങ്ങി വട്ടിയൂർക്കാവിൽ സ്റ്റേഷനിൽ 11 കേസും നെടുമങ്ങാട് സ്റ്റേഷനിൽ ഒരു കേസുമാണ് സുഗതനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.