11/06/2026
[fontresizer_tawhidurrahmandear_widget]

20ഓളം ഇന്ത്യക്കാരുള്ള മറ്റൊരുക്കപ്പൽ കൂടി ആക്രമിച്ച് യുഎസ്; 72 മണിക്കൂറിനിടെ മൂന്നാമത്തെ ആക്രമണം

 20ഓളം ഇന്ത്യക്കാരുള്ള മറ്റൊരുക്കപ്പൽ കൂടി ആക്രമിച്ച് യുഎസ്; 72 മണിക്കൂറിനിടെ മൂന്നാമത്തെ ആക്രമണം

മസ്‌കത്ത്: അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച് ഹോർമുസിൽ വീണ്ടും എണ്ണക്കപ്പൽ ആക്രമിച്ച് യുഎസ്. ഒമാൻ ഉൾക്കടലിലെ ഷിനാസ് തുറമുഖത്തിന് സമീപം വെച്ച് ഗിനിയബിസൗ പതാക ഘടിപ്പിച്ച ‘എം.ടി ജൽവീർ’ എന്ന ഓയിൽ ടാങ്കറിന് നേരെയാണ് പുതിയ ആക്രമണം ഉണ്ടായത്. ഈ കപ്പലിൽ ഇരുപതോളം ഇന്ത്യൻ നാവികർ ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഒമാൻ തീരത്ത് കഴിഞ്ഞ 72 മണിക്കൂറിനിടെ ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. സംഭവത്തിൽ കപ്പലിന്റെ എൻജിൻ റൂമിൽ വൻ തീപിടുത്തമുണ്ടാവുകയും വലിയ രീതിയിൽ പുക ഉയരുകയും ചെയ്തു. കപ്പലിലെ അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തി ഒമാനിൽ എത്തിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കപ്പലിന് സംഭവിച്ച കേടുപാടുകളുടെയോ നാശനഷ്ടങ്ങളുടെയോ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മസ്‌കത്തിലെ ഇന്ത്യൻ എംബസി ഈ സംഭവം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും, സ്ഥിതിഗതികൾ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണെന്നും വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി തങ്ങൾ ഒമാനിലെ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും ഈ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാനിലെ സോഹാർ തുറമുഖത്തിന് വടക്കുകിഴക്ക് 21 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായതെന്നും, എൻജിൻ റൂമിലെ തീപിടുത്തത്തെക്കുറിച്ച് പ്രാദേശിക അധികൃതർ അന്വേഷണം നടത്തുന്നുണ്ടെന്നും പരിസ്ഥിതി മലിനീകരണ ഭീഷണികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഒമാൻ അധികൃതരുടെ നേതൃത്വത്തിൽ കപ്പലിലെ തീ അണയ്ക്കാനുള്ള അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത യുദ്ധസമാനമായ സാഹചര്യത്തിലാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതേ ഒമാൻ തീരത്ത് വെച്ച് അമേരിക്കൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ ‘എം.ടി സെറ്റെബെല്ലോ’ എന്ന കപ്പലിലെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. അതിന് തൊട്ടുമുമ്പ് തിങ്കളാഴ്ച ‘എം.ടി മാരിവെക്‌സ്’ എന്ന കപ്പലിന് നേരെയും സമാനമായ രീതിയിൽ അമേരിക്കൻ സൈന്യത്തിന്റെ ആക്രമണം ഉണ്ടാവുകയും കപ്പൽ പ്രവർത്തനരഹിതമാവുകയും ചെയ്തിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ രാജ്യാന്തര ജലപാതകളിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്.

Also read: