09/06/2026
[fontresizer_tawhidurrahmandear_widget]

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണു; ഇറാൻ ആക്രമണമെന്ന് സംശയം

 ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണു; ഇറാൻ ആക്രമണമെന്ന് സംശയം

വാഷിങ്ടൺ/തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കൻ സൈന്യത്തിന്റെ അത്യാധുനിക അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ തകർന്നുവീണു. ഫെബ്രുവരി 28-ന് യുഎസ്-ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ അപ്പാച്ചെ ഹെലികോപ്റ്റർ മേഖലയിൽ തകരുന്നത്. ഇറാൻ ആക്രമണത്തിലാണു സംഭവമെന്നു സംശയമുണ്ട്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും സൈന്യം സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും ആർക്കും പരിക്കുകളില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.

ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് വിവരം പുറത്തുവിട്ടത്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണത്തിലുള്ള ദ്വീപുകൾക്ക് സമീപം പട്രോളിങ് നടത്തുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഈ ഹെലികോപ്റ്റർ ഇറാന്റെ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതാണോ, അതോ സാങ്കേതിക തകരാർ മൂലമാണോ അപകടമുണ്ടായത് എന്ന കാര്യത്തിൽ കൃത്യമായ അന്വേഷണം നടക്കുകയാണെന്ന് പെന്റഗൺ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതേക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡും പ്രതിരോധ മന്ത്രാലയവും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകട കാരണം വ്യക്തമാക്കാൻ ട്രംപ് തയ്യാറായില്ലെങ്കിലും, ഇതേക്കുറിച്ചുള്ള കൃത്യമായ ഔദ്യോഗിക റിപ്പോർട്ട് ഉടൻ തന്നെ പുറത്തുവിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും ഹോർമുസ് കടലിടുക്കിൽ യുഎസ് ഹെലികോപ്റ്റർ തകർന്ന വിവരം വിദേശ റിപ്പോർട്ടുകളെ ഉദ്ധരിച്ച് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല.

തകർന്നടിയുന്ന അമേരിക്കൻ വ്യോമവ്യൂഹം
ഇറാന്റെ കടുത്ത നാവിക ഉപരോധത്തെ പ്രതിരോധിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വഴി ഇറാന്റെ അറ്റാക്ക് ബോട്ടുകളെയും ഡ്രോണുകളെയും നേരിടുന്നതിനും ഹെൽഫയർ മിസൈലുകൾ ഘടിപ്പിച്ച അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് അമേരിക്ക പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ, ഇറാന്റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് മുന്നിൽ ഈ ഹെലികോപ്റ്റർ കൂടി തകർന്നത് പെന്റഗണിന് വലിയ തിരിച്ചടിയാണ്.

യുഎസ് കോൺഗ്രഷണൽ സർവീസിന്റെ (സിആർഎസ്) ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാന്റെ ആക്രമണങ്ങളിലോ മറ്റ് അപകടങ്ങളിലോ പെട്ട് തകരുന്ന 40-ലധികം യുഎസ് വിമാനങ്ങളിൽ ഒടുവിലത്തേതാണ് ഈ അപ്പാച്ചെ ഹെലികോപ്റ്റർ. ഇതിനു മുൻപ് അമേരിക്കയുടെ മുപ്പതോളം അത്യാധുനിക ‘എംക്യു-9 റീപ്പർ’ ഡ്രോണുകളും, ഒരു എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ യുദ്ധവിമാനവും ഇറാൻ വെടിവച്ചിട്ടിരുന്നു.

സമാധാന കരാറിന് തിരിച്ചടിയാകുമോ?
കഴിഞ്ഞ ദിവസം ഇറാന്റെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നുണ്ടായ കടുത്ത മിസൈൽ പോരാട്ടങ്ങൾക്ക് ശേഷം ഒരു താൽക്കാലിക വെടിനിർത്തലിനായി ട്രംപ് സമ്മർദം ചെലുത്തുന്നതിനിടയിലാണു പുതിയ സംഭവം. എങ്കിലും ഇറാനുമായി പുതിയ നയതന്ത്ര ഉടമ്പടിയിലെത്താൻ വലിയ സാധ്യതയുണ്ടെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. ‘അടുത്ത രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇറാനുമായി ഒരു വലിയ കരാർ ഒപ്പിടാൻ നമുക്ക് കഴിഞ്ഞേക്കും. നമ്മൾ അതിനോട് വളരെ അടുത്തെത്തിക്കഴിഞ്ഞു,’ ട്രംപ് പറഞ്ഞു.

Also read: