വരൾച്ച! ഇറാനിൽ 31,000 ഗ്രാമങ്ങളിൽ ജനവാസമില്ല; നഗരങ്ങളിലും ജല നിയന്ത്രണം ഉടൻ
തെഹ്‌റാൻ: കാലാവസ്ഥാ വ്യതിയാനവും ദശകങ്ങളായുള്ള തെറ്റായ ജലനിയന്ത്രണങ്ങളും കാരണം ഇറാൻ കടുത്ത വരൾച്ചയിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ട്. രാജ്യത്തെ ആകെയുള്ള 69,000 ഗ്രാമങ്ങളിൽ 31,000 ഗ്രാമങ്ങളും കടുത്ത ജലക്ഷാമം മൂലം ജനങ്ങൾ പൂർണ്ണമായി ഉപേക്ഷിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അവശേഷിക്കുന്ന ഗ്രാമങ്ങളിലെ പകുതിയിലധികം ജനങ്ങളും നിലവിൽ കുടിവെള്ളമില്ലാതെ കടുത്ത ദുരിതത്തിലാണ്. ഗ്രാമങ്ങൾ വറ്റിവരണ്ടതോടെ കോടിക്കണക്കിന് ജനങ്ങൾ കൂട്ടത്തോടെ നഗരങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. എന്നാൽ നഗരങ്ങളിലെ സ്ഥിതിയും ഒട്ടും സുരക്ഷിതമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തലസ്ഥാനമായ തെഹ്‌റാനിലടക്കമുള്ള നഗരങ്ങളിൽ ഉടൻ തന്നെ കടുത്ത ജലനിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്.
ഇറാന്റെ പ്രധാന ജലസ്രോതസ്സുകളായ അണക്കെട്ടുകളും തടാകങ്ങളും പൂർണ്ണമായി വറ്റിയതാണ് നഗരങ്ങളെപ്പോലും പ്രതിസന്ധിയിലാക്കിയത്. തലസ്ഥാന നഗരത്തിന് ആവശ്യമായ വെള്ളം നൽകുന്ന പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് പത്ത് ശതമാനത്തിലും താഴേക്ക് പതിച്ചിരിക്കുകയാണ്. മഴ ഇനിയും കുറയുകയാണെങ്കിൽ ഒരു കോടിയോളം ജനങ്ങൾ താമസിക്കുന്ന തെഹ്‌റാൻ നഗരത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുനരുപയോഗിക്കാവുന്ന ശുദ്ധജലസ്രോതസ്സുകളുടെ 80 ശതമാനത്തിലധികവും രാജ്യം ഇതിനകം ഉപയോഗിച്ചു തീർത്തുകഴിഞ്ഞു. ഇതിൽ ഭൂരിഭാഗം വെള്ളവും പരമ്പരാഗതവും അശാസ്ത്രീയവുമായ കൃഷിരീതികൾക്കായി ഉപയോഗിച്ചതും അനിയന്ത്രിതമായി ഭൂഗർഭജലം ചൂഷണം ചെയ്തതുമാണ് ഇപ്പോഴത്തെ വരൾച്ചയ്ക്ക് കാരണമെന്ന് വിമർശനമുണ്ട്. മുൻപ് മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഉപ്പുതടാകമായിരുന്ന ഇറാന്റെ അഭിമാനമായ ഉറുമിയ തടാകം പോലും ഇന്ന് വെറും പത്ത് ശതമാനം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.
സമീപകാലത്തുണ്ടായ കടുത്ത ചൂടും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ജലക്ഷാമം രൂക്ഷമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനകീയ പ്രതിഷേധങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഉടലെടുത്തിട്ടുണ്ട്. കൃത്രിമ മഴ പെയ്യിക്കാനും വെള്ളം പാഴാക്കുന്നവർക്ക് കനത്ത പിഴ ചുമത്താനും ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും യുഎസ്-ഇസ്രയേൽ സംഘർഷവും അന്താരാഷ്ട്ര ഉപരോധങ്ങളും കാരണം പെട്ടെന്നൊരു പരിഹാരം സാധ്യമല്ലെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. കുടിവെള്ളത്തിനായി ഒരു രാജ്യം മുഴുവൻ വൻതോതിൽ പലായനം ചെയ്യുന്ന അവസ്ഥ ഇറാന്റെ സാമൂഹിക,ആഭ്യന്തര സ്ഥിരതയെ തന്നെ വരും ദിവസങ്ങളിൽ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.