10/06/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യ എന്റെ രണ്ടാം വീട്, സ്വന്തം രാജ്യം യുദ്ധം ചെയ്യുമ്പോൾ ഞാൻ ഇന്ത്യക്കായി തന്ത്രപ്രധാന തുരങ്കപാത ഉണ്ടാക്കുന്നു’; കശ്മീരിലെ സോജില പദ്ധതിയുടെ എഞ്ചിനിയറായ ഇറാൻ സ്വദേശി

 ‘ഇന്ത്യ എന്റെ രണ്ടാം വീട്, സ്വന്തം രാജ്യം യുദ്ധം ചെയ്യുമ്പോൾ ഞാൻ ഇന്ത്യക്കായി തന്ത്രപ്രധാന തുരങ്കപാത ഉണ്ടാക്കുന്നു’; കശ്മീരിലെ സോജില പദ്ധതിയുടെ എഞ്ചിനിയറായ ഇറാൻ സ്വദേശി

ശ്രീനഗർ: ഇന്ത്യ തന്റെ രണ്ടാം വീടാണെന്ന് വ്യക്തമാക്കി ഇറാൻ സ്വദേശിയായ എഞ്ചിനിയർ യൂസഫ് ഇഷാഗ്പൂർ റഹീമാബാദി. കശ്മീരിലെ സോജില ടണൽ പദ്ധതിയുടെ അതോറിറ്റി എഞ്ചിനിയറായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. എഞ്ചിനിയർ സൈനികരെപ്പോലെയാണെന്നും സ്വന്തം രാജ്യമായ ഇറാൻ യുദ്ധഭീതിയിലൂടെ കടന്നുപോവുമ്പോൾ താൻ ഇന്ത്യക്ക് വേണ്ടി തന്ത്രപ്രധാനമായ സോജില ടണൽ പദ്ധതി നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സോജില പ്രൊജക്ട് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു. കടുത്ത കാലാവസ്ഥയും കഠിനമായ ഭൂപ്രകൃതിയും വെല്ലുവിളികളും നിറഞ്ഞ ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നാണ് സോജില ടണലിന്റെ നിർണായകമായ അന്തിമ ഖനന വിജയത്തിന്റെ പ്രഖ്യാപനം നടന്നത്. സോനമർഗിലെ ബാൾടാൽ ഭാഗത്തുനിന്നും കാർഗിൽ ഭാഗത്തുനിന്നുമുള്ള ഖനന പാതകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഔദ്യോഗിക സ്‌ഫോടനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവർ സാക്ഷ്യം വഹിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് പ്രധാനമായും ഈ പദ്ധതി നടപ്പിലാക്കുന്നത്.

13.153 കിലോമീറ്റർ നീളമുള്ള പ്രധാന തുരങ്കവും ഇതിലേക്കുള്ള അനുബന്ധ റോഡുകളും ഉൾപ്പെടെ ആകെ 30.18 കിലോമീറ്ററാണ് ഈ പദ്ധതിയുടെ നീളം. പൂർത്തിയാകുമ്പോൾ ഇത് ഇന്ത്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാതയും ഏഷ്യയിലെ ഏറ്റവും നീളമേറിയ ഇരുവശത്തേക്കുമുള്ള തുരങ്കവുമായി മാറും. ഏതാണ്ട് 6,809 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2028ഓടെ പൂർണ്ണമായും പ്രവർത്തനസജ്ജമാകുമെന്നാണ് കരുതപ്പെടുന്നത്.

ശ്രീനഗർ-കാർഗിൽ-ലേ ദേശീയപാതയിൽ ഈ തുരങ്കം യാഥാർത്ഥ്യമാകുന്നതോടെ ശക്തമായ മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥയിലും ഗതാഗത തടസ്സമില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. നിലവിൽ സോജില ചുരം കയറാൻ മൂന്ന് മണിക്കൂറിലധികം സമയം വേണം. തുരങ്കം വരുന്നതോടെ അത് വെറും 15 മിനിറ്റായി കുറയും.

Also read: