21/07/2026
[fontresizer_tawhidurrahmandear_widget]

‘ഇത് പ്രകൃതിദുരന്തമല്ല, മനുഷ്യനിർമ്മിതം, തുരങ്കപാതക്ക് വേണ്ടി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടു, വീഴ്ച പരിശോധിക്കും’: ടി. സിദ്ദിഖ്

 ‘ഇത് പ്രകൃതിദുരന്തമല്ല, മനുഷ്യനിർമ്മിതം, തുരങ്കപാതക്ക് വേണ്ടി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടു, വീഴ്ച പരിശോധിക്കും’: ടി. സിദ്ദിഖ്

ടി സിദ്ദിഖ്

കൽപറ്റ: വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ പ്രകൃതിദുരന്തമല്ലെന്നും, തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുമൂലം ഉണ്ടായ മനുഷ്യനിർമ്മിത ദുരന്തമാണെന്നും മന്ത്രി ടി. സിദ്ദീഖ് വ്യക്തമാക്കി. ശാസ്ത്രീയമല്ലാത്ത രീതിയിൽ മണ്ണ് കൂട്ടിയിട്ടതാണ് ഈ അപകടത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടത്തെ തുടർന്ന് കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരെ വിംസ് (WIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ആറുപേരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

‘എത്ര പേരാണ് മണ്ണിനടിയിൽ കുടുങ്ങിയതെന്ന കൃത്യമായ വിവരം ലഭ്യമല്ല. അതുകൊണ്ട് പരിശോധന പൂർണ്ണതോതിൽ ഉണ്ടാകും. തുരങ്കപാതക്ക് വേണ്ടി അശാസ്ത്രീയമായ രീതിയിലാണ് മണ്ണിടിച്ചത്. നേരത്തെ തന്നെ നല്ല രീതിയിലുള്ള മഴ വയനാട്ടിൽ പെയ്‌തതാണ്. മഴയിൽ ഇങ്ങനെ അപകടം സംഭവിക്കും എന്നതിൻ്റെ സൂചന തുരങ്കപാതയുമായി ബന്ധപ്പെട്ട യോഗങ്ങളിലും അല്ലാതെയും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പക്ഷേ, അതിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ പാളിച്ച ഉണ്ടായിട്ടുണ്ട്. സർക്കാർ ഇത് ഗൗരവത്തോടുകൂടി കാണുന്നു. അതിൽ പരിശോധന ഉണ്ടാകും. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നതും, നിർദ്ദേശം അനുസരിച്ച് മുന്നോട്ടു പോകാതിരുന്ന സാഹചര്യവും ഗൗരവമുള്ളതാണ്. അത് സർക്കാർ പരിശോധിക്കും.

അവിടെ 256 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. റെഡ് അലർട്ട് പ്രഖ്യാപിക്കാതിരുന്നതിൽ വീഴ്‌ച സംഭവിച്ചിട്ടുണ്ട്. മഴയുടെ തോത് എടുക്കാനും ആ തോത് കെഎസ്ഡിഎംഎ അത് പരിഗണിച്ച് പ്രവൃത്തി നിർത്തി വെക്കണം എന്നും മണ്ണ് മാറ്റണമെന്നും നേരത്തെ മീറ്റിംഗ് വിളിച്ച് നിർദ്ദേശം കൊടുത്തിട്ടുള്ളതാണ്. പിന്നെ എന്തുകൊണ്ട് ഈ കാര്യങ്ങൾ നടന്നില്ല എന്നത് ഗൗരവതരമാണ്.

കൽപറ്റയിലെ പുനരധിവാസ ടൗൺഷിപ്പിലും വലിയ രീതിയിൽ മണ്ണ് കൂട്ടിയിട്ടിട്ടുണ്ട്. നേരത്തെ ഒരു ദിവസം മഴ പെയ്ത്‌തപ്പോൾ അർദ്ധരാത്രി ഈ മണ്ണ് മുഴുവൻ ടൗൺഷിപ്പിൽ വ്യാപകമായി ഒഴുകിയിരുന്നു. അവിടെയും നിർദ്ദേശം കൊടുത്തതാണ്. ആ നിർദ്ദേശത്തിലും തൃപ്‌തികരമായ രീതിയിൽ അല്ല മുന്നോട്ടു പോയിട്ടുള്ളത്. അവിടെയും ഗൗരവത്തിലുള്ള ഇടപെടൽ ഉണ്ടാകും. മാർഗനിർദേശം പാലിക്കാതെ മുന്നോട്ടു പോകാൻ സമ്മതിക്കില്ല.

നിലവിൽ മീനങ്ങാടിയിലുള്ള എൻഡിആർഎഫ് സംഘം അവിടെ എത്തിക്കഴിഞ്ഞു. ഫയർ സർവീസ് അവിടെ എത്തിയിട്ടുണ്ട്. കണ്ണൂരിലുള്ള എൻഡിആർഎഫ് സംഘത്തോടും അവിടെ പോകാൻ പറഞ്ഞു. കൂടുതൽ ആരെങ്കിലും മണ്ണിനടിയിൽപെട്ടോ എന്നുള്ള പരിശോധന ഉടൻ ആരംഭിക്കും. മഴക്കാലത്ത് പ്രവൃത്തി നടത്തരുതെന്നും പ്രവൃത്തിയുമായി ബന്ധപ്പെട്ട ആളുകൾ ഉണ്ടാവരുതെന്നും എട്ടു കുടുംബത്തെ മാറ്റി പാർപ്പിക്കണമെന്നും നേരത്തെ നിർദേശം നൽകിയിരുന്നു’ -മന്ത്രി പറഞ്ഞു.

Also read: