‘ലീഗ് പറഞ്ഞു, ചെയ്തു കാണിച്ചു; ഇതൊന്നും കേരളം മറക്കില്ല’-പ്രശംസിച്ച് ഇൻഫ്ളുവൻസർ
കല്പ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളുടെ ഗൃഹപ്രവേശന ചടങ്ങിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഡോ. ആശാ ഉല്ലാസ്. ദുരന്തസമയത്ത് പലയിടങ്ങളിൽ നിന്നും വാഗ്ദാനങ്ങൾ കേട്ടിരുന്നെങ്കിലും, പറഞ്ഞ വാക്ക് കൃത്യമായി പാലിച്ച് പ്രവൃത്തി പഥത്തിലെത്തിച്ച മുസ്ലിം ലീഗിന്റെ നിലപാട് ഓരോ മലയാളിയുടെയും നെഞ്ച് നിറയ്ക്കുന്നതാണെന്ന് ഡോക്ടർ പറഞ്ഞു. ഈ മാതൃകാപരമായ പുനരധിവാസ പദ്ധതിയെ കേരളം ഒരിക്കലും മറക്കില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
മേപ്പാടി തൃക്കൈപ്പറ്റ വെള്ളിത്തോട്ടിൽ 11.5 ഏക്കറിലായി 105 വീടുകൾ നിർമ്മിക്കാനുള്ള വലിയ സ്വപ്നത്തിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 51 കുടുംബങ്ങൾക്കാണ് ഇന്ന് പുതിയ ജീവിതത്തിലേക്കുള്ള താക്കോൽ കൈമാറിയത്. ബെഡും കട്ടിലും അലമാരയും എല്ലാം കിട്ടിയിട്ടുണ്ട് എന്ന് ദുരിതബാധിതർ പറയുമ്പോൾ അറിയാം, ഇത് വെറും ചുമരുകൾ അല്ല, ഒരു ജീവിതമാണ് നിങ്ങൾ തിരികെ കൊടുത്തത്-ഡോ. ആശ ചൂണ്ടിക്കാട്ടി.
പുനരധിവാസത്തിനായി ഗുണഭോക്താക്കളെ കണ്ടെത്തിയ രീതിയെ അവർ പ്രത്യേകം അഭിനന്ദിച്ചു. ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ നോക്കാതെ, ഉരുൾ കവർന്ന ജീവിതങ്ങൾ ആരുടേതാണ് എന്ന് മാത്രം നോക്കിയാണ് വീടുകൾ നൽകിയതെന്ന് ആശ ചൂണ്ടിക്കാട്ടി. ദുരന്തത്തിൽ ഒന്നായതുപോലെ പുനരധിവാസത്തിലും നാം ഒന്നാണെന്ന് ഈ പദ്ധതി തെളിയിക്കുന്നതായി കുറിപ്പിൽ പറയുന്നു.
രാഷ്ട്രീയം എന്നാൽ വെറും അധികാരം മാത്രമല്ല, അത് ഉത്തരവാദിത്തം കൂടിയാണെന്ന് മുസ്ലിം ലീഗ് തെളിയിച്ചുവെന്ന് ആശാ ഉല്ലാസ് അഭിപ്രായപ്പെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ നടന്ന ഈ പ്രവർത്തനം കേരളത്തിന് തന്നെ മാതൃകയാണ്. ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് സ്വന്തം വിലാസവും കുട്ടികൾക്ക് പഠിക്കാൻ മുറിയും നൽകിയ ഈ നടപടിയെ ‘യഥാർത്ഥ ജനസേവനം’ എന്നാണ് അവർ വിശേഷിപ്പിച്ചത്.
ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പ്രവർത്തകർക്കും സാമ്പത്തിക സഹായം നൽകിയ മനുഷ്യസ്നേഹികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ച ഡോക്ടർ, ’കേരളം ഇതൊന്നും മറക്കില്ല’ എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
ഡോ. ആശ ഉല്ലാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം:
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഇന്ന് ഒരു മേൽക്കൂരയായി. പറഞ്ഞ വാക്ക് പാലിച്ച്, മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളുടെ ഗൃഹപ്രവേശം ഇന്ന് നടക്കുമ്പോൾ, ഓരോ മലയാളിയുടെയും നെഞ്ച് നിറയുകയാണ്.
ദുരന്തം നടന്നപ്പോൾ വാഗ്ദാനങ്ങൾ പലതും കേട്ടു. പക്ഷെ ലീഗ് പറഞ്ഞു, ചെയ്തു കാണിച്ചു. മേപ്പാടി തൃക്കൈപ്പറ്റ വെള്ളിത്തോട്ടിൽ 11.5 ഏക്കറിൽ 105 വീടുകൾ എന്ന വലിയ സ്വപ്നം. അതിൽ ആദ്യഘട്ട 51 വീടുകളുടെ താക്കോൽദാനം ഇന്ന്.
“ബെഡും കട്ടിലും അലമാരയും എല്ലാം കിട്ടീട്ടുണ്ട്”- ദുരിതബാധിതർ പറയുമ്പോൾ അറിയാം, ഇത് വെറും ചുമരുകൾ അല്ല, ഒരു ജീവിതമാണ് നിങ്ങൾ തിരികെ കൊടുത്തത്. ഹിന്ദുവെന്നോ, മുസ്ലിമെന്നോ, ക്രിസ്ത്യാനിയെന്നോ നോക്കിയില്ല. നോക്കിയത് ഒരേയൊരു കാര്യം – ഉരുൾ കവർന്ന ജീവിതങ്ങൾ ആരുടേതാണ് എന്ന് മാത്രം.
ദുരന്തത്തിൽ നമ്മൾ ഒന്നാണ്, പുനരധിവാസത്തിലും ഒന്നാണ് എന്ന് നിങ്ങൾ കാണിച്ചു തന്നു. ഓരോ കുടുംബത്തിനും 8 സെന്റിൽ 1,000 സ്ക്വയർ ഫീറ്റ് വീട്
3 മുറി, അടുക്കള, എല്ലാ അടിസ്ഥാന സൗകര്യങ്ങളും പിന്നീട് 1,000 സ്ക്വയർ ഫീറ്റ് കൂടി കൂട്ടിച്ചേർക്കാൻ പാകത്തിന് രൂപകൽപ്പന. വെറുതെ ‘തല ചായ്ക്കാൻ ഒരിടം’ അല്ല, അഭിമാനത്തോടെ ജീവിക്കാൻ ഒരു ഭവനം.
രാഷ്ട്രീയം എന്നാൽ അധികാരം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ് എന്ന് മുസ്ലിം ലീഗ് തെളിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ നടന്ന ഈ പദ്ധതി കേരളത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഒരു മാതൃകയാണ്.
ഉരുൾപൊട്ടലിൽ വീടും കുടിയും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിഞ്ഞ 105 കുടുംബങ്ങൾക്ക് ഇനി സ്വന്തം വിലാസമുണ്ട്. സ്വന്തം അടുക്കളയുണ്ട്. കുട്ടികൾക്ക് പഠിക്കാൻ ഒരു മുറിയുണ്ട്. ഇതാണ് യഥാർത്ഥ ജനസേവനം. ഇതാണ് ‘വാക്കും പ്രവൃത്തിയും’ ഒന്നാകുന്നത്.
മുസ്ലിം ലീഗിന്റെ പ്രവർത്തകർക്കും, നേതാക്കൾക്കും, ഈ പദ്ധതിക്ക് പിന്നിൽനിന്ന് പണം മുടക്കിയ മുഴുവൻ മനുഷ്യസ്നേഹികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ 51 കുടുംബങ്ങൾക്ക് വീട് മാത്രമല്ല കൊടുത്തത്. തകർന്നുപോയ പ്രതീക്ഷകളാണ് തിരികെ കൊടുത്തത്. കേരളം ഇതൊന്നും മറക്കില്ല.