02/06/2026
[fontresizer_tawhidurrahmandear_widget]

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടാൻ വിജ്ഞാപനം ഉടൻ; യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യ കേസ്

 നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടാൻ വിജ്ഞാപനം ഉടൻ; യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യ കേസ്

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് അന്വേഷിക്കാൻ വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. സിബിഐ അന്വേഷണം വേണമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാരിന്റെ ഈ അടിയന്തര നടപടി. ഈ ആവശ്യം ഉന്നയിച്ച് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. കേസിലെ നിലവിലെ പോലീസ് അന്വേഷണത്തിൽ കുടുംബം കടുത്ത അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടപടി. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. നിലവിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ പി.പി. ദിവ്യ മാത്രമാണ് ഏക പ്രതി. ഇനി സിബിഐ ആയിരിക്കും കേസിലെ തുടർനടപടികളിൽ അന്തിമ തീരുമാനമെടുക്കുക.

അതേസമയം, 13 സാക്ഷികളെ പുതുതായി ഉൾപ്പെടുത്തി എഡിഎം നവീൻ ബാബു കേസിൽ തുടരന്വേഷണ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയെ തുടർന്നാണ് കണ്ണൂർ ടൗൺ പോലീസ് തുടരന്വേഷണം നടത്തി വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ, കേസ് മനപ്പൂർവ്വം നീട്ടിക്കൊണ്ടുപോകാനാണ് നവീൻ ബാബുവിന്റെ കുടുംബം ശ്രമിക്കുന്നതെന്ന് പ്രതിഭാഗം കോടതിയിൽ കുറ്റപ്പെടുത്തി. പോലീസ് മുൻപ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്ന ആവശ്യവുമായി മഞ്ജുഷ കോടതിയെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ മെയ് 16-നാണ് ഹർജിയിൽ പറഞ്ഞ നാല് പ്രധാന കാര്യങ്ങളിൽ തുടരന്വേഷണം നടത്താൻ കോടതി പോലീസിന് ഉത്തരവ് നൽകിയത്.

കോടതി നിർദ്ദേശപ്രകാരം, നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി. കൊയ്യം സർവീസ് സഹകരണ ബാങ്കിൽ പ്രശാന്തൻ സ്വർണം പണയം വെച്ച് വായ്പ എടുത്തതിന്റെ രേഖകൾ പോലീസ് പുതിയ റിപ്പോർട്ടിനൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതോടൊപ്പം എഡിഎമ്മിന്റെ ക്വാർട്ടേഴ്സിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെ പൂർണ്ണ രൂപവും പോലീസ് സംഘം കോടതിക്ക് കൈമാറി.

Also read: