02/06/2026
[fontresizer_tawhidurrahmandear_widget]

‘നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ല; ചില ചോദ്യങ്ങൾ മാത്രമാണ് പുറത്തുവന്നത്’: പാർലമെന്ററി സമിതിക്ക് എൻടിഎ

 ‘നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ല; ചില ചോദ്യങ്ങൾ മാത്രമാണ് പുറത്തുവന്നത്’: പാർലമെന്ററി സമിതിക്ക് എൻടിഎ

ന്യൂഡൽഹി: രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വിചിത്രവാദവുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ). നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ പൂർണമായി ചോർന്നിട്ടില്ലെന്നും, എന്നാൽ ചില ചോദ്യങ്ങൾ പരീക്ഷയ്ക്ക് മുൻപ് പുറത്തുവന്നിരുന്നുവെന്നും എൻടിഎ പാർലമെന്ററി സമിതിയെ അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും എൻടിഎ അധികൃതരെയും പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി വിശദീകരണം നൽകാനായി വിളിച്ചുവരുത്തിയപ്പോഴാണ് ഏജൻസി തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത ചോദ്യങ്ങൾക്ക് മുന്നിലും പരീക്ഷാ പേപ്പർ പൂർണമായി ചോർന്നെന്ന വാദത്തെ എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിങ് ശക്തമായി എതിർത്തു. എൻടിഎയുടെ പരീക്ഷാ സംവിധാനത്തിലൂടെയല്ല ചോദ്യങ്ങൾ പുറത്തുപോയത്. നിലവിൽ ഈ വിഷയത്തിൽ സിബിഐ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയാക്കി സിബിഐ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് വരെ ഇതിനെ ചോദ്യപേപ്പർ ചോർച്ചയായി ഏജൻസി കണക്കാക്കില്ലെന്നും എൻടിഎ മേധാവി വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിൽ ചില ക്രമക്കേടുകളും അപാകതകളും സംഭവിച്ചിട്ടുണ്ടെന്ന കാര്യം ഉദ്യോഗസ്ഥർ സമ്മതിച്ചു.

തങ്ങളുടെ ഭാഗത്തുനിന്ന് പൂർണമായ ചോർച്ച ഉണ്ടായിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് പരീക്ഷ റദ്ദാക്കിയതെന്ന എംപിമാരുടെ ചോദ്യത്തിന്, പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നായിരുന്നു എൻടിഎയുടെ മറുപടി. ക്രമക്കേടുകളെ ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന നയമാണ് ഏജൻസി സ്വീകരിക്കുന്നത്. കുറച്ചു ചോദ്യങ്ങൾ മാത്രമാണ് പുറത്തുവന്നതെങ്കിലും, അത് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാലാണ് മെയ് മൂന്നിന് നടത്തിയ പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയും സമിതിയെ അറിയിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് അധ്യക്ഷനായ പാർലമെന്ററി സമിതിക്ക് മുന്നിലാണ് എൻടിഎ പ്രതിനിധികൾ ഹാജരായത്. പ്രതിപക്ഷ എംപിമാർ എൻടിഎയുടെ വീഴ്ചകളെ രൂക്ഷമായി വിമർശിച്ചപ്പോൾ, ഭരണകക്ഷി അംഗങ്ങൾ എൻടിഎയുടെ നിലപാടുകളെ പിന്തുണച്ചു. സിബിഐ സ്വതന്ത്ര ഏജൻസിയാണെന്നും അവർ അന്വേഷണം പൂർത്തിയാക്കട്ടെ എന്നും ഭരണകക്ഷി എംപിമാർ വാദിച്ചു. എൻടിഎയിൽ വരുത്തേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള കെ. രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ടിലെ ഭൂരിഭാഗം ശുപാർശകളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും എൻടിഎ സമിതിക്ക് മുന്നിൽ വിശദീകരിച്ചു.

മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ, പുതുക്കിയ പരീക്ഷ ജൂൺ 21-ന് നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ്് ഏജൻസി അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് 5:15 വരെയായിരിക്കും പരീക്ഷ. ഇതിനായി വിദ്യാർത്ഥികൾ വീണ്ടും രജിസ്റ്റർ ചെയ്യുകയോ അധിക ഫീസ് നൽകുകയോ ചെയ്യേണ്ടതില്ല. മുൻപ് അപേക്ഷിച്ചവർക്ക് ഈ പരീക്ഷ എഴുതാവുന്നതാണ്. കൂടുതൽ കർശനമായ സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും ഇത്തവണ പരീക്ഷ നടത്തുകയെന്ന് അധികൃതർ വ്യക്തമാക്കി.

Also read: