വിദ്യാഭ്യാസ മന്ത്രിക്കെതിരെ സിജെപിയുടെ ആദ്യ ജനകീയ പ്രതിഷേധം ജൂൺ 6ന്; സ്ഥാപകൻ അഭിജിത് ദീപ്കെ ഇന്ത്യയിലേക്ക്
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6-ന് ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുമെന്ന് ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദീപ്കെ അറിയിച്ചു. രാഷ്ട്രീയ പരിഹാസ സംഘടന രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ജനാധിപത്യ സർക്കാറിൽ നിന്ന് കൃത്യമായ മറുപടി ആവശ്യപ്പെടാനുള്ള തങ്ങളുടെ ഭരണഘടനാപരമായ അവകാശം ജനങ്ങൾ വിനിയോഗിക്കണമെന്ന് അഭിജീത് ദീപ്കെ വ്യക്തമാക്കി. ജൂൺ 6ന് രാവിലെ താൻ ഡൽഹിയിൽ എത്തിയ ശേഷം ജന്തർ മന്തറിൽ സമാധാനപരമായ രീതിയിൽ പ്രതിഷേധം നടത്തുന്നതിനുള്ള അനുമതി തേടി പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് പോകുമെന്നും, നീതിക്കായുള്ള തങ്ങളുടെ ഈ പോരാട്ടത്തിൽ പങ്കാളികളാകാൻ തന്നോടൊപ്പം പൊതുജനങ്ങൾ അണിചേരണമെന്നും ദീപ്കെ അഭ്യർഥിച്ചു.
ചോദ്യപേപ്പർ ചോർന്നെന്ന കടുത്ത ആരോപണത്തെ തുടർന്ന് നീറ്റ്-യുജി 2026 പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ നിരന്തരം വിമർശനങ്ങളുമായി ദീപ്‌കെ രംഗത്തെത്തിയത്. അതേസമയം, മുൻപ് റദ്ദാക്കിയ പരീക്ഷ ഇപ്പോൾ 2026 ജൂൺ 21-ന് വീണ്ടും നടത്താനാണ് അധികൃതർ നിശ്ചയിച്ചിരിക്കുന്നത്.