നീറ്റ് ചോദ്യപേപ്പർ ചോർച്ച: രാജസ്ഥാനിൽ ബിജെപി നേതാവും സഹോദരനും സിബിഐ പിടിയിൽ; ഇടപാട് നടന്നത് 30 ലക്ഷം രൂപയ്ക്ക്
ജയ്പൂർ: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ജയ്പൂരിൽനിന്ന് ബിജെപി നേതാവ് ദിനേശ് ബിവാലിനെയും സഹോദരൻ മംഗിലാൽ ബിവാലിനെയും സിബിഐ അറസ്റ്റ് ചെയ്തു. 30 ലക്ഷം രൂപ നൽകിയാണ് ഇവർ ചോദ്യപേപ്പർ വാങ്ങിയതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ജയ്പൂരിലെ ജംവാരാംഗഢ് മണ്ഡലത്തിലെ ബിജെപി നേതാവാണ് ദിനേശ് ബിവാൽ എന്ന് ‘എബിപി ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.
ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഡോക്ടറിൽനിന്നാണ് പ്രതികൾ ചോദ്യപേപ്പർ കൈക്കലാക്കിയതെന്ന് സിബിഐ അറിയിച്ചു. മംഗിലാൽ ബിവാലിന്റെ മകന് വേണ്ടിയാണ് പ്രധാനമായും ഈ ഇടപാട് നടത്തിയത്. എന്നാൽ, കേവലം ഒരാൾക്ക് വേണ്ടി മാത്രമല്ല, ഏകദേശം 700-ഓളം വിദ്യാർത്ഥികൾക്ക് ഈ ചോർന്ന ചോദ്യപേപ്പറിന്റെ ആനുകൂല്യം ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ശൃംഖലയിൽ ഇടനിലക്കാരനായി പ്രവർത്തിച്ച രാകേഷ് കുമാർ മണ്ഡ്വാരിയ എന്നയാളെയും സിബിഐ നേരത്തെ പിടികൂടിയിരുന്നു.
ബിജെപി നേതാവിന്റെ അറസ്റ്റോടെ വിഷയം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ദിനേശിന് ബിജെപിയുടെ യുവജന വിഭാഗത്തിൽ സുപ്രധാന ചുമതലകളുണ്ടായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ബിജെപിയിലെ പ്രമുഖ നേതാക്കളോടൊപ്പം ദിനേശ് ബിവാല് നിൽക്കുന്ന ചിത്രങ്ങൾ കോൺഗ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്ത പ്രതികളെ ബിജെപി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതികൾക്ക് ഭരണകക്ഷിയുമായുള്ള ബന്ധം അന്വേഷണം അട്ടിമറിക്കാൻ കാരണമാകുമോ എന്ന ആശങ്കയും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.
എന്നാൽ, ആരോപണങ്ങളെ പ്രതിരോധിക്കാൻ ബിജെപി പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ദിനേശ് ബിവാലിന് മുമ്പ് പാർട്ടി യുവജന വിഭാഗവുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം സമ്മതിക്കുമ്പോഴും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇയാൾക്ക് പാർട്ടിയുമായി സജീവ ബന്ധമില്ലെന്നും സ്വകാര്യ ബിസിനസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ബിജെപി വക്താക്കൾ വ്യക്തമാക്കി. കുറ്റവാളികൾ ആരായാലും കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ നിലപാട്.
ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരൻ എന്ന് സംശയിക്കുന്ന ഗുരുഗ്രാമിലെ ഡോക്ടറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ. ചോദ്യപേപ്പർ എവിടെനിന്ന് ചോർന്നു എന്നതിനെക്കുറിച്ച് ഈ ഡോക്ടർക്ക് വ്യക്തമായ അറിവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഹരിയാന, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വലിയൊരു റാക്കറ്റ് തന്നെ ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് സിബിഐ ഉറച്ചുവിശ്വസിക്കുന്നു.
രാജസ്ഥാനിലെ സിക്കാർ കേന്ദ്രീകരിച്ചായിരുന്നു ഈ സംഘത്തിന്റെ പ്രവർത്തനം. കോച്ചിങ് സെന്ററുകളുമായി ബന്ധപ്പെട്ടവരും എംബിബിഎസ് കൗൺസിലിങ് ഏജന്റുമാരും ഇതിൽ പങ്കാളികളായി. അറസ്റ്റിലായ രാകേഷ് കുമാർ മണ്ഡ്വാരിയ ഉൾപ്പെടെയുള്ളവർ വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ എൻക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകൾ വഴിയാണ് നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ കൈമാറിയത്. രാജസ്ഥാൻ കൂടാതെ കേരളം, ബിഹാർ, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും ഈ ചോർച്ചയുടെ കണ്ണി നീണ്ടിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.
നീറ്റ് പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്താൻ കേന്ദ്രസർക്കാർ കേസ് സിബിഐയ്ക്ക് കൈമാറിയിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ (തട്ടിപ്പ് തടയൽ) നിയമം 2024 എന്നിവ പ്രകാരമാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
നേരത്തെ പട്‌നയിലും സമാനമായ രീതിയിൽ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റുകൾ നടന്നിരുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.