21/07/2026
[fontresizer_tawhidurrahmandear_widget]

‘പരിക്കേറ്റ കുട്ടികൾക്ക് വെള്ളം പോലും നൽകിയില്ല, എനിക്കും കൂടി ലാത്തിച്ചാര്‍ജ് കിട്ടിയേനെ’; സിജെപിക്ക് പിൻതുണയുമായി രഞ്ജിനി ഹരിദാസ് സമരവേദിയിൽ

 ‘പരിക്കേറ്റ കുട്ടികൾക്ക് വെള്ളം പോലും നൽകിയില്ല, എനിക്കും കൂടി ലാത്തിച്ചാര്‍ജ് കിട്ടിയേനെ’; സിജെപിക്ക് പിൻതുണയുമായി രഞ്ജിനി ഹരിദാസ് സമരവേദിയിൽ

രഞ്ജിനി ഹരിദാസ്

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തുന്ന സമരവേദിയിലെത്തി പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ് പിന്തുണ പ്രഖ്യാപിച്ചു. വിദ്യാഭ്യാസം ഏതൊരു മനുഷ്യനും ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്നും, അത് സംരക്ഷിക്കാനായി യുവാക്കൾ നടത്തുന്ന പോരാട്ടമായതുകൊണ്ടാണ് താൻ ഈ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതെന്നും രഞ്ജിനി വ്യക്തമാക്കി.

രാജ്യത്ത് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളും, ഗ്രാമങ്ങളിൽ കൂലിപ്പണി ചെയ്ത് പണം കണ്ടെത്തുന്ന സാധാരണക്കാരായ മാതാപിതാക്കളുടെ മക്കൾ ആത്മഹത്യയിലേക്ക് തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യം ഏറെ വേദനാജനകമാണ്. ഇത്തരം നിർണ്ണായക വിഷയങ്ങളിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വ്യക്തമായ ഉത്തരവും ലഭിക്കാത്തതാണ് വിദ്യാർത്ഥികളെയും യുവാക്കളെയും തെരുവിലിറങ്ങാൻ നിർബന്ധിതരാക്കുന്നതെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി.

സമരവേദിയിൽ വെച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനോട് അധികൃതർ കാട്ടിയ അനാദരവിനെ രഞ്ജിനി ഹരിദാസ് കടുത്ത ഭാഷയിൽ വിമർശിച്ചു. രാജ്യത്തിന് വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ യൂണിഫോം പോലും ധരിക്കാത്ത ആളുകൾ ചേർന്ന് വെള്ളത്തുണിയിൽ മൃതദേഹം പൊതിഞ്ഞു കൊണ്ടുപോകുന്നതുപോലെയാണ് എടുത്തു മാറ്റിയത്. ആ കാഴ്ച കണ്ട് സഹിക്കാനാകാതെയാണ് താൻ പ്രതികരിക്കുന്നത്. ഭരിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല, മറിച്ച് അവരുടെ തെറ്റായ നിലപാടുകൾക്കെതിരെയാണ് താൻ സംസാരിക്കുന്നത്. ശരിയായ കാര്യത്തിന് വേണ്ടി ശബ്ദമുയർത്താൻ എന്തിനാണ് ഭയക്കുന്നതെന്നും, ജന്തർ മന്തറിലെത്താൻ പോലും നിരവധി തടസ്സങ്ങളാണ് അധികൃതർ സൃഷ്ടിച്ചതെന്നും രഞ്ജിനി തുറന്നടിച്ചു.

സമാധാനപരമായി അവകാശങ്ങൾ ചോദിച്ചു വാങ്ങാനെത്തിയ യുവാക്കളെ പൊലീസ് ക്രൂരമായ ലാത്തിച്ചാർജിലൂടെയും ടിയർ ഗ്യാസ് പ്രയോഗത്തിലൂടെയുമാണ് നേരിട്ടത്. സമരവേദിയിൽ ഭക്ഷണവും വെള്ളവുമില്ലാതെ പ്രക്ഷോഭകർ കുടുങ്ങിപ്പോയ സാഹചര്യമായിരുന്നുവെന്നും, പൊലീസിന്റെ അക്രമത്തിനിടയിൽ തനിക്കും അടി കൊള്ളുമായിരുന്നുവെന്നും രഞ്ജിനി വെളിപ്പെടുത്തി. ലാത്തിച്ചാർജിൽ പരിക്കേറ്റ കുട്ടികൾക്ക് കുടിവെള്ളം പോലും നൽകാൻ സാധിക്കാത്ത വിധം കടുത്ത അടിച്ചമർത്തലാണ് അവിടെ നടന്നത്. യുവാക്കൾ ഡൽഹിയിലെത്തിയത് അക്രമം ഉണ്ടാക്കാനല്ലെന്നും, അവരെ കുറ്റവാളികളെപ്പോലെ നേരിടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും രഞ്ജിനി പറഞ്ഞു.

അതേസമയം, സി.ജെ.പി സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ എഴുപതോളം പ്രവർത്തകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പൊലീസെത്തി അടിച്ച് തകർത്ത ജന്തർ മന്തറിലെ സമരപ്പന്തലും പരിസരവും സി.ജെ.പി പ്രവർത്തകർ ശുചീകരിക്കുകയും വീണ്ടും പന്തൽ കെട്ടി സമരം പുനരാരംഭിക്കുകയും ചെയ്തു. പാർലമെന്റിലേക്ക് മാർച്ച് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ പ്രവർത്തകർ, ഭാവി പരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും പ്രക്ഷോഭം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും അറിയിച്ചു.

Also read: