28/03/2026
[fontresizer_tawhidurrahmandear_widget]

‘നുഴഞ്ഞുകയറ്റക്കാരെ സമ്പൂര്‍ണമായി പുറത്താക്കും’; മമതയ്ക്ക് മറുപടിയുമായി അമിത് ഷാ

 ‘നുഴഞ്ഞുകയറ്റക്കാരെ സമ്പൂര്‍ണമായി പുറത്താക്കും’; മമതയ്ക്ക് മറുപടിയുമായി അമിത് ഷാ

ഭുജ്: ഭുജില്‍ നടന്ന ബിഎസ്എഫ് വജ്രജൂബിലി ആഘോഷവേദിയിലായിരുന്നു അമിത്ഷായുടെ പരാമര്‍ശം. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്താനാണ് എസ്‌ഐആറിനെ എതിര്‍ക്കുന്നതെന്നും, ജനങ്ങള്‍ അത്തരം ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുക ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള അവകാശമാണെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്ക് നമ്മുടെ ജനാധിപത്യത്തെ മലിനമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാളിലെ എസ്‌ഐആര്‍ പ്രക്രിയ അങ്ങേയറ്റം ആശങ്കാജനകമായ ഘട്ടത്തിലാണ് എന്ന മമത ബാനര്‍ജിയുടെ ആരോപണങ്ങളും അമിത്ഷാ തള്ളി. അത് രാജ്യത്തിന്റെ സുരക്ഷക്കും ജനാധിപത്യത്തിനും വേണ്ടി നടപ്പിലാക്കുന്ന ശുദ്ധീകരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രാജ്യത്ത് ഓരോ നുഴഞ്ഞുകയറ്റക്കാരനും തിരിച്ചറിയപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്യും.

നുഴഞ്ഞുകയറ്റം തടയുന്നതില്‍ ബിഎസ്എഫ് നിര്‍ണ്ണായക പങ്ക് വഹിക്കുന്നുവെന്ന് അമിത്ഷാ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ എല്ലാ അതിര്‍ത്തികളിലും സേന കര്‍ശന നിരീക്ഷണം നടത്തുന്നതായി അദ്ദേഹം പറഞ്ഞു. പാകിസ്ഥാനും ബംഗ്ലാദേശും ചേര്‍ന്നുള്ള 6,000 കിലോമീറ്ററിലേറെ അതിര്‍ത്തി പ്രദേശങ്ങളില്‍ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയതായും അദ്ദേഹം വിവരിച്ചു. നക്‌സല്‍ ഭീഷണി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും ബിഎസ്എഫിന്റെ പങ്ക് അദ്ദേഹം പ്രശംസിച്ചു. 2026 മാര്‍ച്ച് 31നകം രാജ്യം നക്‌സല്‍വാദത്തില്‍ നിന്ന് പൂര്‍ണ്ണമായി മോചിതമാകുമെന്നും അമിത്ഷാ വ്യക്തമാക്കി.

വരാനിരിക്കുന്ന വര്‍ഷം സേനയ്ക്കും അവരുടെ കുടുംബങ്ങള്‍ക്കും കൂടുതല്‍ ക്ഷേമപരിപാടികള്‍ നടപ്പാക്കുമെന്നും സേനയെ ആധുനിക സാങ്കേതികവിദ്യയോടെ ശക്തിപ്പെടുത്തുമെന്നും അമിത്ഷാ ഉറപ്പു നല്‍കി. പരീക്ഷണ ഘട്ടം പൂര്‍ത്തിയായ ഇബോര്‍ഡര്‍ സെക്യൂരിറ്റി ആശയം ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടന്ന ഓപ്പറേഷന്‍ സിന്ദൂരിലെ ബിഎസ്എഫ് ധീരതയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഭീകരര്‍ക്കെതിരായ കര്‍ശന നടപടി പാകിസ്ഥാനെ വെടിനിര്‍ത്തലിലേക്ക് നയിച്ചതാണെന്നും, അതിലൂടെ ഇന്ത്യയുടെ അതിര്‍ത്തികളുമായി കളിച്ചു നടക്കാന്‍ സാധിക്കില്ലെന്ന് ലോകം തിരിച്ചറിഞ്ഞുവെന്നും അമിത്ഷാ പറഞ്ഞു. അതിര്‍ത്തികളെ സുരക്ഷിതമാക്കാന്‍ 2,013 ബിഎസ്എഫ് ജവാന്‍മാര്‍ ജീവത്യാഗം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Also read: