03/04/2026
[fontresizer_tawhidurrahmandear_widget]

‘വൈഷ്ണയുടെ വോട്ട് തട്ടാന്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടു’; വെളിപ്പെടുത്തല്‍

 ‘വൈഷ്ണയുടെ വോട്ട് തട്ടാന്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടു’; വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണാ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസ് നേരിട്ട് ഇടപെട്ടതിന്റെ നിർണായക തെളിവുകൾ പുറത്ത്. വൈഷ്ണയ്ക്കെതിരായ പരാതിയിൽ അന്വേഷണ ചുമതലയില്ലാത്ത, മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി പരിശോധന നടത്തിയത്. ഇവർ അവിടെയുള്ള താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ട് നീക്കം ചെയ്യാൻ മേയറുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ഈ ദൃശ്യങ്ങൾ.

മേയറുടെ ഓഫീസിന്റെയും സിപിഎമ്മിന്റെയും നീക്കങ്ങൾക്ക് തിരിച്ചടിയായി വൈഷ്ണ സുരേഷിന് മത്സരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കിയ ഉദ്യോഗസ്ഥരുടെ നടപടി കമ്മീഷൻ റദ്ദാക്കി. ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് വൈഷ്ണയെ സപ്ലിമെന്ററി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് കമ്മീഷൻ ഉത്തരവിറക്കിയത്.

വ്യാജ മേൽവിലാസം ഉപയോഗിച്ചാണ് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തതെന്ന് ആരോപിച്ച് സിപിഎം നൽകിയ പരാതിയെത്തുടർന്നാണ് ആദ്യം പേര് നീക്കം ചെയ്തത്. എന്നാൽ ഇതിനെതിരെ കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു.

ഹരജി പരിഗണിക്കവെ, “24 വയസ്സുള്ള ഒരു പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് മത്സരിക്കാനുള്ള അവസരം നിഷേധിക്കുന്നത് അനീതിയാണെന്നും, രാഷ്ട്രീയ കാരണങ്ങളാൽ സ്ഥാനാർത്ഥിയെ ഒഴിവാക്കരുതെന്നും” ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.

തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ഹിയറിംഗിൽ, വൈഷ്ണ നൽകിയ രേഖകൾ പരിശോധിക്കുന്നതിലോ സ്ഥാനാർത്ഥിയുടെ ഭാഗം കേൾക്കുന്നതിലോ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. ഇലക്ടറൽ രജിസ്ട്രേഷൻ അതോറിറ്റിയുടെ നടപടിയെ വിമർശിച്ച കമ്മീഷൻ, വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുകയായിരുന്നു. ഇതോടെ മുട്ടട വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വൈഷ്ണയ്ക്ക് മത്സരിക്കാനുള്ള വഴി തെളിഞ്ഞു.

Also read: