‘തട്ടമിട്ട കുട്ടികളെ ഇഷ്ടമല്ല, പറയരും പുലയരും സംസ്‌കൃതം പഠിക്കേണ്ടെന്ന് പറഞ്ഞു’; കേരള സര്‍വകലാശാലാ സംസ്‌കൃതം മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങള്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംസ്‌കൃതം വിഭാഗം മേധാവ ജാതീയമായും മതപരമായും വിവേചനം കാണിച്ചെന്ന ഗുരുതര ആരോപണങ്ങള്‍. ഗവേഷണ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വകുപ്പ് മേധാവിയായ ഡോ. സി.എന്‍ വിജയകുമാരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദലിത് വിദ്യാര്‍ത്ഥികളെയും മുസ്‌ലിം വിദ്യാര്‍ത്ഥിനികളെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രവൃത്തികളും മേധാവിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി പരാതിയില്‍ പറയുന്നു.
പുലയരും പറയരും സംസ്‌കൃതം പഠിക്കേണ്ടതില്ലെന്ന് മേധാവി ആവര്‍ത്തിച്ച് പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. തട്ടമിട്ട കുട്ടികളെ അധ്യാപികയ്ക്ക് ഇഷ്ടമല്ല. ഇവരുടെ മുറിയില്‍ കയറിയതിന് ശേഷം, വിദ്യാര്‍ത്ഥികള്‍ ഇറങ്ങിപ്പോയ ഉടന്‍ തന്നെ വെളിച്ചം തെളിച്ച് മുറി ‘ശുദ്ധീകരിച്ചു’വെന്ന് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
മേധാവിയോട് എതിര്‍പ്പ് പ്രകടിപ്പിച്ച ഗവേഷണ വിദ്യാര്‍ത്ഥികളോട്, ‘സംസ്‌കൃതം പഠിച്ച് മറ്റ് ജോലിയൊന്നും കിട്ടാനില്ല, അതുകൊണ്ട് പഠനം നിര്‍ത്തിപ്പോകണം’ എന്ന തരത്തില്‍ സംസാരിച്ചതായും ആരോപണമുണ്ട്. സംസ്‌കൃതം പഠിക്കാന്‍ താല്‍പര്യപ്പെടുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് മേധാവിയുടെ ഭാഗത്തുനിന്നും തുടര്‍ച്ചയായി മാനസിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നുവെന്നും പരാതിയില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാലയുടെ അച്ചടക്ക സമിതി വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതര സ്വഭാവമുള്ള ആരോപണങ്ങള്‍ ആയതിനാല്‍, ഡോ. സി.എന്‍ വിജയകുമാരിയെ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുന്ന കാര്യവും സര്‍വകലാശാലയുടെ പരിഗണനയിലുണ്ട്.