65 ലക്ഷം വോട്ട് ഡിലീറ്റ് ചെയ്ത സ്ഥലത്ത് മറ്റെന്ത് ഫലമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? കോൺഗ്രസ് എംപി മാണിക്കം ടാഗോർ
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വന്‍ വിജയം ഉറപ്പിക്കുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ്. 65 ലക്ഷത്തിലധികം വോട്ടര്‍മാരെ, പ്രധാനമായും പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ നിന്ന്, നീക്കം ചെയ്ത തെരഞ്ഞെടുപ്പില്‍ മറ്റെന്തു ഫലമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ ചോദിച്ചു.
എക്‌സ് പോസ്റ്റിലാണ് മാണിക്കം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ”65 ലക്ഷം വോട്ടര്‍മാരെ, കൂടുതലും പ്രതിപക്ഷ വോട്ടര്‍മാരെ ഒഴിവാക്കുമ്പോള്‍, ഫലപ്രഖ്യാപന ദിവസം എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? മത്സരം തുടങ്ങുന്നതിനു മുമ്പേ കളിമൈതാനം പക്ഷപാതപരമായാല്‍ ജനാധിപത്യത്തിന് അതിജീവിക്കാനാകില്ല’- അദ്ദേഹം കുറിച്ചു. എസ്‌ഐആര്‍, വോട്ട്‌ചോരി ടാഗുകളുമായായിരുന്നു മാണിക്കം ടാഗോറിന്റെ പോസ്റ്റ്.
അവസാനം വിവരം ലഭിക്കുമ്പോള്‍, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡിയുവും ബി.ജെ.പിയും ഉള്‍പ്പെട്ട എന്‍.ഡി.എ സഖ്യം 243-ല്‍ 190 സീറ്റുമായി ലീഡ് ചെയ്യുകയാണ്. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ചേര്‍ന്ന മഹാസഖ്യം വന്‍ തിരിച്ചടിയാണു നേരിട്ടത്. മുന്നണി 49 സീറ്റുകളിലൊതുങ്ങിയിരിക്കുകയാണ്. ആര്‍ജെഡിയുടെ വോട്ട് കുത്തനെ പകുതിയിലേറെ കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നില പത്തിനു താഴേക്കും ചുരുങ്ങി.