26/01/2026

ധോണി വിളിച്ചു, ജഡേജ സമ്മതിച്ചു; സഞ്ജുവിനെ വിട്ടുനല്‍കാന്‍ വീണ്ടും വിലപേശലുമായി രാജസ്ഥാന്‍

 ധോണി വിളിച്ചു, ജഡേജ സമ്മതിച്ചു; സഞ്ജുവിനെ വിട്ടുനല്‍കാന്‍ വീണ്ടും വിലപേശലുമായി രാജസ്ഥാന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്രേഡിങ്് വിന്‍ഡോയില്‍ ഏറ്റവും വലിയ നീക്കത്തിന് കളമൊരുങ്ങുന്നു. എം.എസ് ധോണിയുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്സ് വിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ സിഎസ്‌കെയിലേക്ക് എത്തുന്നതിനുള്ള മെഗാ ട്രേഡ് ഡീലിലാണ് ഈ വഴിത്തിരിവ്. ജഡേജയെയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെയും വിട്ടുനല്‍കിയാണ് സഞ്ജുവിനെ സ്വന്തമാക്കാന്‍ സിഎസ്‌കെ ശ്രമിക്കുന്നത്.

എന്നാല്‍, കരാര്‍ ഏറെക്കുറെ അന്തിമമായെന്നു പറയുമ്പോഴും രാജസ്ഥാന്‍ ക്യാംപില്‍ ആശയക്കുഴപ്പം തുടരുകയാണ്. സഞ്ജുവിനെ വിട്ടുകൊടുക്കുന്നതിന് പകരമായി സിഎസ്‌കെ വാഗ്ദാനം ചെയ്ത ജഡേജ, സാം കറന്‍ എന്നിവരില്‍ രാജസ്ഥാന്‍ റോയല്‍സ് പൂര്‍ണതൃപ്തരല്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയെയാണ് ടീം ലക്ഷ്യമിടുന്നത്.

എന്നാല്‍, ഭാവി താരമായി സിഎസ്‌കെ കാണുന്ന പതിരാനയെ കൈവിടാന്‍ ചെന്നൈ മാനേജ്മെന്റ് തയ്യാറല്ല. പതിരാനയ്ക്ക് പകരമായി സാം കറനെ വാഗ്ദാനം ചെയ്യാമെന്ന് സിഎസ്‌കെ നിലപാടെടുത്തതായും സൂചനയുണ്ട്. ജഡേജയ്ക്ക് പുറമെ, ശിവം ദുബെയെ റോയല്‍സ് ആവശ്യപ്പെട്ടെങ്കിലും സിഎസ്‌കെ ആവശ്യം നിരസിച്ചിരുന്നു.

മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുമായി നടത്തിയ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രവീന്ദ്ര ജഡേജയുടെ ടീം മാറ്റത്തിനുള്ള തീരുമാനം. നിലവിലെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ്, ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിങ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഐപിഎല്‍ ട്രേഡ് ചര്‍ച്ചകളിലെ പ്രധാന വിഷയമായിരുന്നു സഞ്ജു സാംസണ്‍ സിഎസ്‌കെയിലേക്ക് ചേക്കേറുന്ന സാധ്യത. യുഎസിലെ മേജര്‍ ലീഗ് സീസണിനിടെ സഞ്ജു ചെന്നൈ മാനേജ്മെന്റുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഏഴ് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ടീം വിടാന്‍ തയ്യാറാണെന്ന് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ട്രേഡ് ചര്‍ച്ചകള്‍ ആരംഭിച്ചത്.

Also read: