ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം; പണം ഉപയോഗിച്ച് ആഡംബര ജീവിതം
തിരുവനന്തപുരം: ചലച്ചിത്രനടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാര്‍ തട്ടിയത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. മൂന്നു ജീവനക്കാരികള്‍ ചേര്‍ന്നാണ് 66 ലക്ഷം രൂപ തട്ടിയെടുത്തത്. ജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവുമാണ് കേസിലെ പ്രതികള്‍.
സ്ഥാപനത്തിലെ ക്യൂആര്‍ കോഡിന് പകരം പ്രതികള്‍ തങ്ങളുടെ സ്വകാര്യ ക്യൂആര്‍ കോഡ് നല്കി പണം തട്ടിയെടുക്കുകയായിരുന്നു. വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിന്, രാധാകുമാരി എന്നിവരും വിനിതയുടെ ഭര്‍ത്താവ് ആദര്‍ശുമാണ് കേസിലെ പ്രതികള്‍.
എല്ലാ പ്രതികളും ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം, ജീവനക്കാരികള്‍ കൃഷ്ണകുമാറിനും ദിയ കൃഷ്ണയടക്കമുള്ളവര്‍ക്കും എതിരെ നല്കിയ പരാതികളില്‍ കഴമ്പില്ലെന്നും പോലീസ് കണ്ടെത്തി. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തല്‍, ചതി എന്നിവയാണ് ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങള്‍.
രണ്ടു വര്‍ഷമെടുത്താണ് പ്രതികള്‍ 66 ലക്ഷം രൂപയോളം സ്ഥാപനത്തില്‍ നിന്ന് തട്ടിയെടുത്തത്. ഓ ബൈ ഓസി എന്ന ബൊട്ടീക്കിലെ വിനിത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാര്‍ തന്നെയാണ് തിരുവനന്തപുരം അസി.കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരെ ഇവര്‍ പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവര്‍ന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരായ പരാതി. വിശദമായ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്.