ഇടുക്കിയിൽ ‘സ്‌കൈ ഡൈനിങ്ങി’നിടെ വൻ അപകടം; 120 അടി ഉയരത്തിൽ കുട്ടികളടക്കം അഞ്ചുപേർ കുടുങ്ങി
ഇടുക്കി: ആനച്ചാലിലെ സ്വകാര്യ വിനോദസഞ്ചാര കേന്ദ്രത്തിലെ സ്‌കൈ ഡൈനിങ്ങ് സംവിധാനത്തിൽ യന്ത്രത്തകരാറിനെത്തുടർന്ന് കുട്ടികളടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങി. 120 അടി ഉയരത്തിലാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങിയതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് സംഘത്തിലുള്ളത്. ഇവർ കുടുംബസമേതമെത്തിയവരാണ്. സംഘത്തിൽ രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയും ഉൾപ്പെടുന്നു.
ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറാണ് ആളുകൾ ആകാശ ഊഞ്ഞാലിൽ കുടുങ്ങിക്കിടക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചിട്ടുണ്ട്.
ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഒരുക്കിയ ഈ സംവിധാനം വെറും രണ്ടു മാസം മുൻപ് മാത്രമാണ് പ്രവർത്തനം ആരംഭിച്ചത്. വിനോദസഞ്ചാരികളെ സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.