തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവില്‍ യുവ ഡെവലപ്പര്‍ക്ക് 50 ലക്ഷം ശമ്പളത്തില്‍ ജോലി
ന്യൂഡല്‍ഹി: ടെക് ലോകത്തെ അതികഠിനമായ തൊഴില്‍ മത്സരത്തില്‍ തോല്‍വി സമ്മതിക്കാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂട്ടുപിടിച്ച് സ്വപ്ന ജോലി നേടി യുവ സോഫ്റ്റ്വെയര് ഡെവലപ്പര്‍. ചാറ്റ്ജിപിടിയുടെ സഹായത്തോടെ 50 ലക്ഷത്തിന്റെ ജോലി സ്വന്തമാക്കിയ യുവാവിന്രെ അനുഭവകഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകകയാണ്. ഒമ്പത് മാസത്തോളം തുടര്‍ച്ചയായ ഇന്റര്‍വ്യൂ പരാജയങ്ങള്‍ക്കും റിക്രൂട്ടര്‍മാരുടെ അവഗണനകള്‍ക്കുമൊടുവില്‍, ഡല്‍ഹി സ്വദേശിയായ ഈ യുവ എന്‍ജിനീയര്‍ക്ക് പ്രതിവര്‍ഷം 50 ലക്ഷം രൂപ ശമ്പളമുള്ള ജോലി ലഭിച്ചു.
2023ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ യുവാവ്, റെഡ്ഡിറ്റിലെ ‘ഡെവലപ്പേഴ്സ് ഇന്ത്യ’ കമ്മ്യൂണിറ്റിയിലാണ് തന്റെ അതിജീവന കഥ പങ്കുവെച്ചത്. കുറഞ്ഞ ശമ്പളവും പ്രൊജക്റ്റ് ഓണര്ഷിപ്പിന്റെ അഭാവവും കാരണം ജോലി മാറാന്‍ ശ്രമിച്ച യുവ ഡെവലപ്പര്‍ക്ക് ലഭിച്ചത് നിരാശ മാത്രമായായിരുന്നു. ഉന്നത നിലവാരമുള്ള കോളജ് പശ്ചാത്തലം ഉണ്ടായിട്ടും മാസങ്ങളായി ജോലിക്കു ശ്രമിച്ചിട്ടും ഫലം കണ്ടില്ല.
തന്റെ റെസ്യൂമെയിലെ മുന്‍കാല നേട്ടങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായും ഫലപ്രദമായും രൂപപ്പെടുത്താന്‍ അദ്ദേഹം ചാറ്റ്ജിപിടിയെ ആശ്രയിച്ചു. ഓരോ ജോലി പോസ്റ്റിങ്ങിനും അനുസരിച്ച് റെസ്യൂമെ തയാറാക്കാന്‍ എഐ ടൂള്‍ സഹായിച്ചു.
മത്സരബുദ്ധിയുള്ള പ്രോഗ്രാമിങ്ങില്‍ നിന്ന് മാറി, ഡാറ്റാ സ്ട്രക്ചറുകളുടെയും അല്‍ഗോരിതങ്ങളുടെയും അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
LeetCode, NeetCode പോലുള്ള പ്ലാറ്റ്ഫോമുകളില്‍ സ്ഥിരമായി പരിശീലിച്ചു. ഈ കഠിനാധ്വാനവും തന്ത്രപരമായ നീക്കങ്ങളും ഒടുവില്‍ ഫലം കണ്ടു. ഒമ്പത് മാസത്തെ ശ്രമങ്ങള്‍ക്കൊടുവില്‍, ദീപാവലിക്ക് തൊട്ടുമുമ്പ് യുഎസ് ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പില്‍ നിന്ന് ലിങ്ക്ഡിന്‍ വഴി അപേക്ഷിച്ചതിന് ഇന്റര്‍വ്യൂ കോള്‍ ലഭിച്ചു. അഭിമുഖ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെ പ്രതിവര്‍ഷം 50 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുള്ള ജോലി ഓഫറാണ് യുവാവിനു ലഭിച്ചത്