ഭാരതീയ വൈജ്ഞാനിക പൈതൃകം സംരക്ഷിക്കാന്‍; 100 കോടി പ്രഖ്യാപിച്ച് ഗൗതം അദാനി
അഹമ്മദാബാദ്: ഇന്ത്യന്‍ ചരിത്രവും നാഗരികതയും സംസ്‌കാരവും പഠിക്കുന്ന ഇന്തോളജി മിഷന് (ഭാരതീയ പഠന സംരംഭം) 100 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) യുഗത്തില്‍ ഇന്ത്യയുടെ പൗരാണിക വൈജ്ഞാനിക പൈതൃകം സംരക്ഷിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമായി നിര്‍മ്മിക്കുന്ന ‘ഭാരത് നോളജ് ഗ്രാഫ്’ എന്ന ഡിജിറ്റല്‍ ഫ്രേംവര്‍ക്ക് രൂപീകരണത്തിനാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്ത്യന്‍ നോളജ് സിസ്റ്റംസ് (ഐകെഎസ്) വിഭാഗവുമായി സഹകരിച്ചാണ് ഇന്തോളജിയുടെ ആഗോള പുനരുജ്ജീവനത്തിനായി അദാനി ഗ്രൂപ്പ് ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നത്. നവംബര്‍ 20 മുതല്‍ 22 വരെ അഹമ്മദാബാദിലെ അദാനി കോര്‍പ്പറേറ്റ് ഹൗസില്‍ നടന്ന മൂന്ന് ദിവസത്തെ ഗ്ലോബല്‍ ഇന്തോളജി കോണ്‍ക്ലേവിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഗൗതം അദാനി സംഭാവന പ്രഖ്യാപിച്ചത്.
ഇന്തോളജിയുടെ അക്കാദമിക് പഠനം ആഗോളതലത്തില്‍ ചുരുങ്ങിവരുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ ജ്ഞാന സമ്പ്രദായങ്ങളുടെ ഉടമസ്ഥാവകാശം പുനഃസ്ഥാപിക്കാനും, ഗവേഷണ അധിഷ്ഠിതമായ ഇന്ത്യന്‍ കാഴ്ചപ്പാടിലൂടെ ലോകത്തിന് മുന്നില്‍ ആധികാരികമായി അവതരിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത ജ്യോതിര്‍ മഠം ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി സംരംഭത്തെ അഭിനന്ദിച്ചു. ഇന്ത്യ വീണ്ടും വിശ്വഗുരുവാകാന്‍ വേണ്ടിയുള്ള സ്വപ്‌നത്തില്‍ അദാനിയുടെ ഈ സംരംഭം വലിയ പിന്തുണയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം ആരംഭിച്ച ഐകെഎസ്, ഭാഷാശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുനയം, ആരോഗ്യം തുടങ്ങിയ സമകാലിക മേഖലകളുമായി ഇന്ത്യന്‍ ജ്ഞാന പരമ്പരകളെ സമന്വയിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ഇന്തോളജി മേഖലയില്‍ സ്ഥാപനപരമായ പിന്തുണ കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അക്കാദമിക് സാധ്യതകള്‍ക്ക് പുതുജീവന്‍ നല്‍കാനായി അദാനി ഗ്രൂപ്പും ഐകെഎസും ചേര്‍ന്ന് അഞ്ച് വര്‍ഷത്തെ ഗവേഷണ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലെ 14 പിഎച്ച്ഡി ഗവേഷകര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. പാണിനീയ വ്യാകരണം, പുരാതന ജ്യോതിശാസ്ത്രം, തദ്ദേശീയ ആരോഗ്യശാസ്ത്രം, പരമ്പരാഗത എഞ്ചിനീയറിംഗിലെ സുസ്ഥിരതാ തത്വങ്ങള്‍, രാഷ്ട്രീയ ചിന്ത, പൈതൃക പഠനം, ക്ലാസിക്കല്‍ സാഹിത്യം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് ഗവേഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഡാറ്റാ സയന്‍സ്, സിസ്റ്റംസ് തിങ്കിങ്, മള്‍ട്ടിമോഡല്‍ ആര്‍ക്കൈവിംഗ് തുടങ്ങിയ നൂതന ഉപകരണങ്ങള്‍ ഉപയോഗിച്ച് ക്ലാസിക്കല്‍ അറിവുകളെ ആധുനിക അക്കാദമിക മേഖലയ്ക്ക് പ്രസക്തമാക്കാനും ഈ പരിപാടിയിലൂടെ ശ്രമിക്കുന്നുണ്ട്.