28/03/2026
[fontresizer_tawhidurrahmandear_widget]

എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ചുമായി പ. ബംഗാളിലെ ബിഎല്‍ഒമാര്‍

 എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ചുമായി പ. ബംഗാളിലെ ബിഎല്‍ഒമാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ടര്‍പട്ടിക പുതുക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍(എസ്.ഐ.ആര്‍) പ്രക്രിയയുടെ ഭാഗമായുള്ള അമിത ജോലിഭാരത്തില്‍ പ്രതിഷേധിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) കൊല്‍ക്കത്തയുടെ തെരുവിലിറങ്ങി. ബി.എല്‍.ഒമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. സാധാരണഗതിയില്‍ രണ്ട് വര്‍ഷം വേണ്ടിവരുന്ന ജോലി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കുന്ന അപ്രായോഗിക നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

ബിഎല്‍ഒ അധികാര്‍ രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ കോളേജ് സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച പ്രകടനം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് മുന്നിലെത്തി. ഓഫീസ് ഉപരോധിക്കാനും കവാടം അടച്ചുപൂട്ടാനുമായി പ്രതിഷേധക്കാര്‍ പൂട്ടുമായാണ് എത്തിയത്. പോലീസുമായി ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് മാര്‍ച്ച് സംഘര്‍ഷഭരിതമായി. ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുദ്രാവാക്യം വിളിച്ചു.

മനുഷ്യത്വരഹിതമായ ജോലി സമ്മര്‍ദം സംബന്ധിച്ച് പരാതി നല്‍കിയിട്ടും കമ്മീഷന്‍ പ്രതികരിച്ചില്ലെന്ന് ബിഎല്‍ഒമാര്‍ ആരോപിച്ചു. ഈ സമ്മര്‍ദ്ദം കാരണം പല ഉദ്യോഗസ്ഥരും രോഗബാധിതരായെന്നും രണ്ട് ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്‌തെന്നും സമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

നവംബര്‍ നാലിന് ആരംഭിച്ച വോട്ടര്‍ പട്ടികാ തീവ്ര പരിശോധന ഡിസംബര്‍ നാലിന് അവസാനിക്കാനിരിക്കെ, സമയപരിധി നീട്ടി നല്‍കുകയോ പ്രക്രിയയില്‍ തിരുത്തല്‍ വരുത്തുകയോ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി തുടര്‍ച്ചയായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിഎല്‍ഒമാര്‍ മുന്നറിയിപ്പ് നല്‍കി. ഡിജിറ്റൈസേഷന്‍ ഉള്‍പ്പെടെയുള്ള അധിക ചുമതലകള്‍ക്ക് വേണ്ടത്ര സഹായം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Also read: