ക്ഷയരോഗ നിർമാർജനത്തിൽ അഭിമാന നേട്ടവുമായി ഇന്ത്യ
ന്യൂഡൽഹി: ക്ഷയരോഗ (ടിബി) നിര്‍മാര്‍ജനത്തില്‍ ശ്രദ്ധേയമായ നേട്ടവുമായി ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ ആഗോള ക്ഷയരോഗ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ നേട്ടം വ്യക്തമാക്കുന്നത്. 2015 മുതല്‍ രാജ്യത്ത് ക്ഷയരോഗികളുടെ എണ്ണത്തില്‍ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ലോകമെമ്പാടുമുള്ള ശരാശരി കുറവിന്റെ ഏകദേശം ഇരട്ടി വേഗതയിലാണ് ഇന്ത്യയുടെ ഈ മുന്നേറ്റം. ലോകത്ത് ഏറ്റവും വേഗത്തില്‍ ക്ഷയരോഗ വ്യാപനം കുറയ്ക്കുന്ന രാജ്യങ്ങളിലൊന്നു കൂടിയാണ് ഇന്ത്യ.
സുപ്രധാന നേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചു. ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം ശ്രദ്ധേയമായ മുന്നേറ്റത്തില്‍ എത്തിനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ”ഇന്ത്യയുടെ ഈ നേട്ടം ലോകാരോഗ്യ സംഘടനയുടെ ആഗോള ക്ഷയരോഗ റിപ്പോര്‍ട്ട് എടുത്തു കാണിക്കുന്നു. 2015 മുതല്‍ ക്ഷയരോഗികളുടെ എണ്ണത്തില്‍ രാജ്യം ശ്രദ്ധേയമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ആഗോള നിരക്കിന്റെ ഏകദേശം ഇരട്ടിയാണ്. ലോകത്ത് എവിടെയും കാണാത്ത ഏറ്റവും വലിയ ഇടിവുകളിലൊന്നാണിത്,”-പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ചികിത്സാ പരിരക്ഷ വര്‍ധിപ്പിച്ചതും, ‘കണ്ടെത്താത്ത കേസുകള്‍’ കുറച്ചതും ചികിത്സാ വിജയം സുസ്ഥിരമായി വര്‍ധിച്ചതുമെല്ലാം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ക്ഷയരോഗത്തിനെതിരെ പോരാടി വിജയം കൈവരിക്കാന്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരടക്കം എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.