27/01/2026

‘ഐപിഎല്ലില്‍ ക്രിക്കറ്റിനെക്കുറിച്ച് ഒരു അറിവുമില്ലാത്തവരുടെ ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്നു; സമ്മര്‍ദം കാരണം മാനസികമായി തളര്‍ന്നുപോയിരുന്നു’; കെ.എല്‍ രാഹുല്‍

 ‘ഐപിഎല്ലില്‍ ക്രിക്കറ്റിനെക്കുറിച്ച് ഒരു അറിവുമില്ലാത്തവരുടെ  ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്നു; സമ്മര്‍ദം കാരണം മാനസികമായി തളര്‍ന്നുപോയിരുന്നു’; കെ.എല്‍ രാഹുല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) ക്യാപ്റ്റന്‍മാര്‍ നേരിടുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ കെ.എല്‍ രാഹുല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാരന്‍ അനുഭവിക്കുന്നതിനേക്കാള്‍ വലുതാണ് ഐപിഎല്ലിലെ സമ്മര്‍ദ്ദമെന്നാണ് തരത്തിന്റെ വെളിപ്പെടുത്തല്‍.

ഹ്യൂമന്‍സ് ഓഫ് ബോംബെക്ക് വേണ്ടി ജതിന്‍ സപ്രുവുമായി സംസാരിക്കവേയാണ് രാഹുല്‍ തന്റെ അനുഭവം പങ്കുവെച്ചത്. ഐപിഎല്‍ സീസണ്‍ അവസാനിക്കുമ്പോള്‍ 10 മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചതിനേക്കാള്‍ താന്‍ മാനസികമായും ശാരീരികമായും തളര്‍ന്നുപോയതായി അദ്ദേഹം പറഞ്ഞു. ഫ്രാഞ്ചൈസി ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ടീമിന്റെ പ്രകടനത്തെയും തീരുമാനങ്ങളെയും പറ്റി നിരന്തരം വിശദീകരണം നല്‍കേണ്ടി വരുന്നതാണ് പ്രധാന കാരണം.

പലപ്പോഴും ക്രിക്കറ്റിനെക്കുറിച്ച് കാര്യമായ അറിവില്ലാത്ത ആളുകളുടെ ചോദ്യങ്ങള്‍ നേരിടേണ്ടിവരും. ‘എന്തുകൊണ്ടാണ് ഈ മാറ്റം വരുത്തിയത്?, എന്തുകൊണ്ടാണ് അദ്ദേഹം പതിനൊന്നാമനായി കളിച്ചത്? എതിര്‍ ടീം 200 റണ്‍സ് നേടിയപ്പോള്‍ നമുക്ക് 120 പോലും നേടാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?’ എന്നൊക്കെയുള്ള ചോദ്യങ്ങളാണു നേരിടേണ്ടിവരുന്നതെന്നും രാഹുല്‍ പറഞ്ഞു. ക്രിക്കറ്റ് കളിച്ച് വളര്‍ന്ന പരിശീലകരോടും സെലക്ടര്‍മാരോടും മാത്രമേ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുള്ളൂ. കായിക പശ്ചാത്തലമില്ലാത്തവരോട് വിശദീകരിക്കാന്‍ പ്രയാസമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ(എല്‍എസ്ജി) മുന്‍ ക്യാപ്റ്റനായിരുന്ന രാഹുല്‍, 2024 സീസണില്‍ ഉടമ സഞ്ജീവ് ഗോയങ്കയുമായി മൈതാനത്ത് തര്‍ക്കത്തിലേര്‍പ്പെട്ടത് വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെ താരം ടീമുമായി വേര്‍പിരിയുകയും ചെയ്തു. 2025ലെ മെഗാ ലേലത്തിന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സ് രാഹുലിനെ 14 കോടിക്ക് സ്വന്തമാക്കി. നിലവില്‍ ഡല്‍ഹി ടീമിന്റെ ഭാഗമായ രാഹുല്‍ 2026 ഐപിഎല്‍ ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തപ്പെട്ട താരമാണ്.

Also read: