ഇസ്രയേല്‍ സൈന്യത്തിലും ഇറാന്‍ ചാരന്‍; സൈനിക താവളങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയയാള്‍ അറസ്റ്റില്‍
ടെല്‍ അവീവ്: ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി ആശയവിനിമയം നടത്തിയെന്ന സംശയത്തില്‍ ഇസ്രായേലി പൗരന്‍ അറസ്റ്റില്‍. നിര്‍ബന്ധിത സൈനിക സേവനത്തിനിടെ ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ റാഫേല്‍ റുവേനി (22) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഇന്നലെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തി.
സെപ്റ്റംബര്‍ മുതല്‍ ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്റുമായി റുവേനി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വീടിനടുത്തുള്ള പാര്‍ക്ക്, നഗരത്തിലെ ബസ് സ്‌റ്റേഷന്‍, ഷോപ്പിംഗ് മാള്‍ എന്നിവയുടെ വീഡിയോകളും ചിത്രങ്ങളും എടുക്കുന്നതിനായി ഹാന്‍ഡ്‌ലര്‍ ഇയാളെ റിക്രൂട്ട് ചെയ്യതിരുന്നു. റുവേനി സേവനമനുഷ്ഠിച്ചിരുന്ന സൈനിക താവളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതിന് പുറമെ, 20 ഷെക്കല്‍ ബില്ലിനൊപ്പം ജോര്‍ദാനിലേക്ക് പോകുക എന്ന കുറിപ്പോടെ സിഗരറ്റ് പാക്കറ്റ് പാര്‍ക്കില്‍ ഒളിപ്പിക്കാനും ആവശ്യപ്പെട്ടിരിന്നു.
മറ്റൊരു ഏജന്റ് ഒളിപ്പിച്ച തോക്ക് പരിശോധിക്കുന്നതടക്കമുള്ള ദൗത്യങ്ങളും റുവേനി നിര്‍വഹിച്ചതായി ആരോപണമുണ്ട്. മൊത്തത്തില്‍ 2,700 ഡോളര്‍ (ഏകദേശം 2,25,000 രൂപ) റുവേനിക്ക് ഇറാനിയന്‍ ഏജന്റില്‍ നിന്ന് ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇറാനു വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ നിരവധി ഇസ്രായേലി പൗരന്മാരില്‍ ഒരാളാണ് ഇയാള്‍.