04/09/2026
[fontresizer_tawhidurrahmandear_widget]

അവര്‍ ഇനി ഇരു മെയ്! ജമൈക്കന്‍ സയാമീസ് ഇരട്ടകള്‍ക്ക് സൗദി ആശുപത്രിയില്‍ പുതുജീവിതം

 അവര്‍ ഇനി ഇരു മെയ്! ജമൈക്കന്‍ സയാമീസ്  ഇരട്ടകള്‍ക്ക് സൗദി ആശുപത്രിയില്‍ പുതുജീവിതം

റിയാദ്: സയാമീസ് ശസ്ത്രക്രിയയില്‍ വീണ്ടും ചരിത്രമെഴുതി സൗദി അറേബ്യ. ജമൈക്കന്‍ ഇരട്ടകളായ അസാരിയ, അസുറ എല്‍സണ്‍ എന്നിവരെ റിയാദിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പെടുത്തി. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശപ്രകാരമായിരുന്നു ശസ്ത്രക്രിയ നടന്നത്.

സൗദി കണ്‍ജോയിന്‍ഡ് ട്വിന്‍സ് പ്രോഗ്രാമിന്റെ മേധാവിയായ ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദഗ്ദ്ധ മെഡിക്കല്‍ സംഘമാണ് ഈ ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കിയത്. നെഞ്ചിന്റെ താഴെ ഭാഗം, വയറ്, കരള്‍, കുടലിന്റെ ഭാഗം, പെരികാര്‍ഡിയം (ഹൃദയത്തെ പൊതിയുന്ന സ്തരം) എന്നിവ പങ്കുവെക്കുന്ന അവസ്ഥയിലായിരുന്നു ജമൈക്കന്‍ ഇരട്ടകള്‍ ഉണ്ടായിരുന്നത്.

ആറു ഘട്ടങ്ങളായി നടത്താന്‍ തീരുമാനിച്ച ശസ്ത്രക്രിയയില്‍ നഴ്‌സിംഗ്, അനസ്‌തേഷ്യ, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധര്‍ പങ്കെടുത്തു. ഒന്‍പത് മണിക്കൂര്‍ എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ശസ്ത്രക്രിയ, ഡോക്ടര്‍മാരുടെ ഏകോപനവും ദ്രുതഗതിയിലുള്ള പ്രവര്‍ത്തനവും കാരണം ആറു മണിക്കൂറായി ചുരുക്കാനായി.

ഇതിനിടയില്‍ അസുറയുടെ ആരോഗ്യനില വെല്ലുവിളിയായി വന്നു. ശസ്ത്രക്രിയയുടെ അപകടസാധ്യത വര്‍ദ്ധിപ്പിച്ച ഒരു നിര്‍ണ്ണായക ഘടകം ഇരട്ടകളിലൊരാളായ അസുറയുടെ ആരോഗ്യസ്ഥിതിയായിരുന്നു. അസുറയ്ക്ക് ജന്മനാതന്നെ ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ഹൃദയത്തിലേക്കുള്ള പമ്പിംഗ് ശേഷി 20% മാത്രമായിരുന്നു.

അസുറയ്ക്ക് ഹൃദയാഘാത സാധ്യത വര്‍ദ്ധിച്ച സാഹചര്യത്തില്‍, ശസ്ത്രക്രിയ സംഘം നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു. ശസ്ത്രക്രിയയുടെ അപകടസാധ്യതയെക്കുറിച്ച് ഡോ. അല്‍ റബീഅ കുട്ടികളുടെ മാതാവിനെ കൃത്യമായി ധരിപ്പിക്കുകയും അവരുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് മുന്നോട്ട് പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ശസ്ത്രക്രിയയോടെ, ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തില്‍ ലോകത്തെ 28 രാജ്യങ്ങളില്‍ നിന്നുള്ള 152-ല്‍ അധികം ഇരട്ടകളെ വേര്‍പെടുത്തിയതില്‍ ഇത് 67-ാമത്തെ വിജയകരമായ ശസ്ത്രക്രിയയായി മാറി. 35 വര്‍ഷത്തെ സേവനത്തിനിടയിലെ നിര്‍ണായക നേട്ടമാണിത്.

വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം, കുട്ടികളുടെ കുടുംബം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും മാനുഷിക സഹായം നല്‍കുന്ന കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിനും നന്ദി അറിയിച്ചു. ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും കഠിനാധ്വാനത്തെയും അസാമാന്യമായ പ്രൊഫഷണലിസത്തെയും അവര്‍ പ്രത്യേകം പ്രശംസിച്ചു.

Also read: