27/01/2026

ട്രോഫി ഏറ്റുവാങ്ങാനെത്തിയ ഹർമൻ കാലില്‍ തൊട്ട് വണങ്ങാന്‍ ശ്രമിച്ചു; തടഞ്ഞ് ജയ് ഷാ

 ട്രോഫി ഏറ്റുവാങ്ങാനെത്തിയ ഹർമൻ കാലില്‍ തൊട്ട് വണങ്ങാന്‍ ശ്രമിച്ചു; തടഞ്ഞ് ജയ് ഷാ

മുംബൈ: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ഉയര്‍ത്തിയിരിക്കുകയാണ്. കരുത്തരായ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പിച്ച് ആധികാരികമായാണ് ഇന്ത്യന്‍ പെണ്‍പടയുടെ കിരീടധാരണം. ടൂര്‍ണമെന്റിലുടനീളം ഓള്‍റൗണ്ട് മികവുമായാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ചരിത്രനേട്ടം കൈവരിച്ചത്.

അതിനിടെ, ട്രോഫി കൈമാറ്റത്തിനിടയിലുള്ള ഒരു ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ കാലില്‍ തൊട്ടുവണങ്ങാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച രാത്രി സമ്മാനദാന ചടങ്ങിലായിരുന്നു സംഭവം.

ജയ് ഷാ ലോകകപ്പ് ട്രോഫി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കൈമാറാനായി വേദിയിലെത്തിയപ്പോഴായിരുന്നു ഇത്. ട്രോഫി ഏറ്റുവാങ്ങുന്നതിന് തൊട്ടുമുമ്പ്, ഹര്‍മന്‍പ്രീത് ജയ് ഷായുടെ കാല്‍ തൊട്ട് വന്ദിക്കാന്‍ ശ്രമിച്ചു.
എന്നാല്‍, ജയ് ഷാ ഉടന്‍ തന്നെ തടയുകയും, തിരിച്ച് തലകുനിച്ച് ആദരം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.

അതേസമയം, ഹര്‍മന്‍പ്രീതിന്റെ നടപടിയെ ചോദ്യംചെയ്ത് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ച ടീം ക്യാപ്റ്റന്‍ കാലില്‍ തൊട്ടു വണങ്ങാന്‍ മാത്രം എന്തു യോഗ്യതയാണ് ജയ് ഷായ്ക്കുള്ളതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ജയ് ഷായുടെ പിആര്‍ സ്റ്റണ്ടിന്റെ ഭാഗമാണിതെന്ന് ആരോപിക്കുന്നവരുമുണ്ട്.

എന്നാല്‍, ഉയരങ്ങളിലെത്തിയിട്ടും രണ്ടുപേരും ഇപ്പോഴും കൊണ്ടുനടക്കുന്ന വിനയമാണ് ഈ വൈറല്‍ ദൃശ്യങ്ങള്‍ കാണിക്കുന്നതെന്നാണ് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ക്കു ചുക്കാന്‍പിടിച്ചയാള്‍ കൂടിയാണ് ജയ് ഷായെന്നും അതിന്റെ കടപ്പാട് താരങ്ങള്‍ക്കുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.

ജയ് ഷാ ബിസിസിഐ സെക്രട്ടറി ആയ കാലത്താണ്, പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് തുല്യമായി വനിതാ താരങ്ങള്‍ക്കും മാച്ച് ഫീ നല്‍കാനുള്ള ചരിത്രപരമായ തീരുമാനമെടുത്തത്.

Also read: