31/03/2026
[fontresizer_tawhidurrahmandear_widget]

എസ്ഐആർ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

 എസ്ഐആർ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

തദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ നടപടിക്രമങ്ങൾ നിർത്തിവയ്ക്ക്ണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയാണ് ഹർജി നൽകിയത്

തിരുവനന്തപുരം: വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണ നടപടികളായ എസ്ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

എസ്ഐആര്‍ നടപടികളും തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയകളും ഒരേസമയം മുന്നോട്ട് കൊണ്ടുപോവുകയാണെങ്കില്‍ സംസ്ഥാനത്തെ ഭരണസംവിധാനം പൂര്‍ണമായും സ്തംഭിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. അതിനാല്‍ ഡിസംബര്‍ 21 വരെ എസ്ഐആര്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിടണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.

സംസ്ഥാന സര്‍ക്കാരിന് പുറമെ മുസ്്‌ലിം ലീഗും കെപിസിസിയും എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഹരജിക്കാരന്‍. മുസ്്‌ലിം ലീഗിനു വേണ്ടി പി.കെ കുഞ്ഞാലിക്കുട്ടിയും ഹരജി സമര്‍പ്പിച്ചു.

ജോലി സമ്മര്‍ദ്ദം മൂലം കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ അനീഷ് ജോര്‍ജ് എന്ന ബിഎല്‍ഒ ജീവനൊടുക്കിയ പശ്ചാത്തലത്തില്‍ സര്‍വീസ് സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തെ നിയമപരമായി നേരിടാനാണ് സര്‍വീസ് സംഘടനകളുടെ തീരുമാനം. പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ മാസം 25-നകം ഫോം പൂരിപ്പിച്ച് തിരികെ വാങ്ങാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.

Also read: