27/03/2026
[fontresizer_tawhidurrahmandear_widget]

28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഹാലണ്ടിന്റെ തോളിലേറി നോര്‍വേ ലോകകപ്പിന്‌

 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഹാലണ്ടിന്റെ തോളിലേറി നോര്‍വേ ലോകകപ്പിന്‌

മിലാന്‍: യുവതാരം എർലിംഗ് ഹാലണ്ടിന്റെ ഇരട്ട ഗോളുകളുടെ മികവിൽ നോർവേ ഫുട്‌ബോൾ ടീം രണ്ടര പതിറ്റാണ്ടിന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടി. കരുത്തരായ ഇറ്റലിയെ അവരുടെ ഹോം ഗ്രൗണ്ടിൽ തകർത്തെറിഞ്ഞുകൊണ്ടാണ് 1998-ന് ശേഷം ആദ്യമായി നോർവേ ലോകകപ്പിന് അങ്കത്തിന് ഔദ്യോഗികമായി യോഗ്യരാകുന്നത്. നിർണ്ണായക യോഗ്യതാ മത്സരത്തിൽ ഇറ്റലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് നോർവേ ചരിത്രം കുറിച്ചു.

​മിലാനിലെ സാൻ സിറോ സ്റ്റേഡിയത്തിലായിരുന്നു മത്സരം. മത്സരത്തിൻ്റെ തുടക്കത്തിൽ ഇറ്റലിയാണ് മുന്നിലെത്തിയത്. 11-ാം മിനിറ്റിൽ പിയോ എസ്പോസിറ്റോ ഇറ്റലിക്കായി ഗോൾ നേടി നോർവേയെ ഞെട്ടിച്ചു. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താനും ഇറ്റലിക്ക് സാധിച്ചു.

എന്നാൽ, രണ്ടാം പകുതിയിൽ നോർവേ കളി തിരിച്ചുപിടിച്ചു. 63-ാം മിനിറ്റിൽ അൻ്റോണിയോ നൂസയുടെ തകർപ്പൻ ഗോളിലൂടെ നോർവേ സമനില പിടിച്ചു. മത്സരം സമനിലയിൽ നീങ്ങവെയാണ് സൂപ്പർ താരം എർലിംഗ് ഹാലണ്ട് തൻ്റെ ഗോളടി മികവ് പുറത്തെടുത്തത്. 78-ാം മിനിറ്റിൽ മനോഹരമായ വോളിയിലൂടെ നോർവേയെ മുന്നിലെത്തിച്ച ഹാലണ്ട്, അടുത്ത ഒരു മിനിറ്റിനുള്ളിൽ (79′) തകർപ്പൻ ഫിനിഷിലൂടെ രണ്ടാമത്തെ ഗോളും നേടി ലീഡ് രണ്ടാക്കി. ഇഞ്ചുറി ടൈമിൽ പകരക്കാരനായി വന്ന ജോർഗൻ സ്ട്രാൻഡ് ലാർസൻ്റെ വ്യക്തിഗത മികവിലുള്ള ഗോൾ ഇറ്റലിയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു.

​വിജയത്തോടെ ഗ്രൂപ്പ് ഐയിൽ കളിച്ച എട്ട് മത്സരങ്ങളിലും വിജയിച്ച് നോർവേ 24 പോയിൻ്റോടെ ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ ഹാളണ്ട് മാത്രം 16 ഗോളുകളാണ് നേടിയത്.

​ഇറ്റലി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടുന്നതിൽ നിന്ന് ഇറ്റലിക്ക് കടുത്ത ഭീഷണി നേരിടുകയാണ്. ലോകകപ്പ് ടിക്കറ്റിനായി അവർക്ക് ഇനി പ്ലേ-ഓഫ് മത്സരങ്ങളെ ആശ്രയിക്കേണ്ടിവരും. 27 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പിനെത്തുന്ന നോർവേ ടീം, ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്നാണ് വിലയിരുത്തൽ.

Also read: