31/03/2026
[fontresizer_tawhidurrahmandear_widget]

പാലത്തായി പീഡനക്കേസിൽ പത്മരാജനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

 പാലത്തായി പീഡനക്കേസിൽ പത്മരാജനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബി.ജെ.പി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് വിദ്യാഭ്യാസ വകുപ്പ്. പാനൂരിലെ കടവത്തൂർ സ്കൂളിലെ അധ്യാപകനായിരുന്നു ഇയാൾ.

ശിക്ഷാവിധി വന്നതിന് പിന്നാലെ കേരളാ വിദ്യാഭ്യാസ ചട്ടങ്ങൾ (KER) പ്രകാരം നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡി.ജി.ഇ.) സ്കൂൾ മാനേജ്മെന്റിന് നിർദേശം നൽകുകയായിരുന്നു. അധ്യാപകന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടൽ ഉത്തരവ് ഉടൻ നടപ്പിലാക്കിയത്.

കഴിഞ്ഞ ദിവസമാണ് പാലത്തായി പീഡനക്കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി കെ. പത്മരാജനെ ശിക്ഷിച്ചത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം (പോക്സോ) പ്രകാരം ജീവപര്യന്തം തടവിനാണ് കോടതി വിധിച്ചത്. ഇതിന് പുറമെ 40 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും പ്രതിക്ക് ശിക്ഷയായി വിധിച്ചിട്ടുണ്ട്. ശിക്ഷകൾ ഒരേസമയം അനുഭവിച്ചാൽ മതി.

2020 ജനുവരിയിൽ പാലത്തായിയിലെ സ്കൂളിൽ വെച്ച് നാലാം ക്ലാസ് വിദ്യാർഥിനിയെ ശുചിമുറിയിൽ കൊണ്ടുപോയി ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും അന്വേഷണത്തിലെ വീഴ്ചകൾക്കുമൊടുവിലാണ് കേസിൽ നിർണായക വിധി വന്നതും പ്രതിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കർശന നടപടിയെടുത്തതും. കുട്ടിയുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും നിർണ്ണായകമായി.

ലൈംഗികാതിക്രമം നടത്തിയ വ്യക്തിക്ക് അധ്യാപക ജോലിയിൽ തുടരാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പത്മരാജനെ സർവീസിൽ നിന്ന് നീക്കാൻ ഉത്തരവിട്ടത്.

Also read: