പെഷവാർ ആക്രമണത്തിന് പിന്നാലെ പാക് വ്യോമാക്രമണം: അഫ്ഗാനിസ്ഥാനിൽ 9 കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിലുള്ള അർദ്ധസൈനിക ആസ്ഥാനത്ത് നടന്ന ചാവേർ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് പിന്നാലെ, അഫ്ഗാനിസ്ഥാനിൽ വന്‍ വ്യോമാക്രമണവുമായി പാകിസ്ഥാൻ. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഗുർബുസ് ജില്ലയിൽ നടന്ന ബോംബാക്രമണത്തിൽ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി താലിബാൻ സ്ഥിരീകരിച്ചു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിലവിലുള്ള ദുർബലമായ വെടിനിർത്തൽ കരാറിനിടെ വീണ്ടും ഉടലെടുത്ത ഈ ശത്രുത, ഇരു രാജ്യങ്ങളും തമ്മിൽ പുതിയൊരു സംഘർഷത്തിന് വഴിവച്ചേക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അർദ്ധരാത്രിയോടെ നടന്ന വ്യോമാക്രമണം താലിബാന്‍ നേതാവായ വാലിയത്ത് ഖാന്റെ വീടാണ് ലക്ഷ്യമിട്ടതെന്ന് വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചവരിൽ അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും ഉൾപ്പെടെ ഒമ്പത് കുട്ടികളുണ്ട്.
കൂടാതെ, കുനാർ, പക്തിക എന്നീ അതിർത്തി പ്രദേശങ്ങളിലും പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി മുജാഹിദ് ട്വീറ്റ് ചെയ്തു. ഈ മേഖലകളിലെ ആക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി.
ആക്രമണങ്ങളെക്കുറിച്ച് പാകിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, തങ്ങളുടെ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന തെഹ്‍രീകെ താലിബാൻ പാകിസ്ഥാന്റെ (ടിടിപി) ഒളിത്താവളങ്ങളെ ലക്ഷ്യം വെച്ചുള്ള നടപടികളെ പാകിസ്ഥാൻ മുൻകാലങ്ങളിൽ ന്യായീകരിച്ചിട്ടുണ്ട്. പെഷവാറിലെ ചാവേർ ബോംബാക്രമണങ്ങൾക്ക് പിന്നിൽ ടിടിപിയാണെന്ന് ഇസ്ലാമാബാദ് ആരോപിച്ചിരുന്നു.