പഴയ 500, 1000 നോട്ടുകള്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കുന്നോ?; വിശദീകരണവുമായി പിഐബി
ന്യൂഡല്‍ഹി: 2016ല്‍ നിരോധിച്ച പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) മാറ്റിവാങ്ങുന്നതായുള്ള പ്രചാരണങ്ങളില്‍ വിശദീകരണവുമായി പിഐബി. പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ആര്‍ബിഐ പുതിയ നിയമങ്ങളോ അവസാന അവസരമോ പ്രഖ്യാപിച്ചുവെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ പൂര്‍ണമായും വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വസ്തുതാ പരിശോധനാ യൂനിറ്റായ പിഐബി ഫാക്ട് ചെക്ക് അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും ആര്‍ബിഐ ഇത്തരത്തിലുള്ള യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും പിഐബി വ്യക്തമാക്കി.
പഴയ നിരോധിച്ച നോട്ടുകള്‍ ഇപ്പോഴും നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ കഴിയുമെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നത്. സ്ഥിരീകരിക്കാത്ത ഇത്തരം സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ ആരും വിശ്വസിക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുത്. പൗരന്മാര് വിവരങ്ങള്‍ക്കായി ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റോ (rbi.org.in), ഔദ്യോഗിക സര്‍ക്കാര്‍ ഹാന്‍ഡിലുകളോ മാത്രമേ ആശ്രയിക്കാവൂ. സംശയാസ്പദമായ സന്ദേശങ്ങള്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പിഐബി ആവശ്യപ്പെട്ടു.
അതേസമയം, 2023 മെയ് മാസത്തില്‍ പ്രചാരത്തില്‍നിന്ന് പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ക്ക് ഇപ്പോഴും നിയമപരമായ സാധുതയുണ്ട്. ഈ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് കൈമാറ്റത്തിനായി ഏറ്റവും അടുത്തുള്ള ആര്‍ബിഐയുടെ ഇഷ്യു ഓഫീസിനെ സമീപിക്കാവുന്നതാണ്. മാലിന്യം പുരണ്ടതോ, വികൃതമായതോ, അപൂര്‍ണമായതോ ആയ കറന്‍സി നോട്ടുകള്‍ (500 രൂപ, 2000 രൂപ ഉള്‍പ്പെടെ നിലവില്‍ പ്രചാരത്തിലുള്ള എല്ലാ നോട്ടുകളും) എല്ലാ ബാങ്ക് ശാഖകളിലും മാറ്റിനല്‍കുന്നതിനുള്ള നിലവിലെ അനുമതി തുടര്‍ന്നും ലഭ്യമാവും.