ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാനമന്ത്രി; എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് യാത്ര തുടങ്ങി
കൊച്ചി: കേരളത്തെയും കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള എറണാകുളം-കെ.എസ്.ആർ. ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ യാത്ര തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നാണ് അദ്ദേഹം വീഡിയോ കോൺഫറൻസിങ് വഴി ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ കൊച്ചിയിൽ പങ്കെടുത്തു. പുഷ്പാലങ്കാരങ്ങളാൽ അലങ്കരിച്ച പ്രത്യേക ട്രെയിൻ രാവിലെ 8:50-ന് എറണാകുളം ജങ്ഷനിൽ നിന്ന് യാത്ര തിരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂർ വരെ ഈ യാത്രയിൽ പങ്കെടുത്തു. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളും മറ്റ് ഉദ്യോഗസ്ഥരും യാത്രക്കാരായി ഉണ്ടായിരുന്നു.
വന്ദേഭാരത് സർവീസിൻ്റെ സാധാരണ നിരക്കുകളും റെയിൽവേ പുറത്തുവിട്ടു. എറണാകുളം മുതൽ ബെംഗളൂരു വരെയുള്ള ചെയർകാർ ടിക്കറ്റിന് 1095 രൂപയും എക്സിക്യൂട്ടീവ് ചെയർകാർ ടിക്കറ്റിന് 2289 രൂപയുമാണ് നിരക്ക്. ഈ പുതിയ സർവീസ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.