കേരളത്തിലെ എല്ലാ സംഘ്‌പരിവാർ പ്രവർത്തകരും എന്നെ കൊല്ലാൻ നിൽക്കുന്നവരാണ്; വായനയും ചുറ്റുമുള്ളവരുടെ പ്രാര്‍ഥനയും കൊണ്ടാണ് അതിജീവിക്കുന്നത്-വേടൻ
കൊച്ചി: സാമൂഹിക പ്രതിബദ്ധതയില്ലാത്ത കലാകാരന്‍ മോശം കലാകാരനാണെന്നും, ഇന്ത്യയുടെ രൂഢമൂലമായ തിന്മ ജാതിയാണെന്നും റാപ്പ് ഗായകനും സംഗീതജ്ഞനുമായ വേടന്‍. വേടന്‍ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം ഒരു പട്ടികജാതിക്കാരന്‍ മാത്രമാണ്. കേരളത്തിലെ എല്ലാ സംഘ്പരിവാര്‍ പ്രവര്‍ത്തകരും എന്നെ കൊല്ലാന്‍ നില്‍ക്കുന്നവരാണ്. എന്റെ വായനയും ചുറ്റും നില്‍ക്കുന്നവരുടെ പ്രാര്‍ഥനയും കൊണ്ടാണ് അതിജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളസമൂഹത്തിലും സംഗീതത്തിലും നിലനില്‍ക്കുന്ന ജാതിയെക്കുറിച്ചും താന്‍ നേരിടുന്ന സംഘ്പരിവാര്‍ ഭീഷണികളെക്കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് വേടന്റെ പ്രതികരണം. ”കേരളത്തില്‍ ജാതി മൃദുവായിട്ടുള്ള രീതിയിലാണ് നിലനില്‍ക്കുന്നത്. അതിനെ കണ്ടുപിടിച്ചാല്‍ പിന്നെ കാണാതിരിക്കാന്‍ സാധിക്കില്ല. ഇന്ത്യയുടെ അടിസ്ഥാനപരമായ രാഷ്ട്രീയം ജാതിയണ്. ആ തിന്മയെ ഒഴിവാക്കാതെ സമത്വവും ഏകത്വവും സാധ്യമല്ല. അസമത്വം നിറഞ്ഞതാണ് ആ സിസ്റ്റം. ഞാന്‍ അത് അനുഭവിച്ചിട്ടുള്ളതാണ്. അതിനെതിരെ പോരാടേണ്ടത് ഒരു കലാകാരനെന്ന നിലയ്ക്ക് എന്റെ കടമയാണ്,’-വേടന്‍ വ്യക്തമാക്കി.
ഒരു പട്ടികജാതിക്കാരന്‍ വിദ്യാഭ്യാസം നേടിയാലും പൈസ ഉണ്ടാക്കിയാലും അയാള്‍ അവസാനം ഒരു പട്ടികജാതിക്കാരന്‍ മാത്രമാണ്. വേടന്‍ കാറ് വാങ്ങിയാലും വീട് വച്ചാലും അതുതന്നെയാണ് അവസ്ഥ. കേരള സര്‍വകലാശാലയില്‍ ഒരു പട്ടികജാതിക്കാരിയായ അമ്മ റിട്ടയേര്‍ഡ് ആയപ്പോള്‍ അവര്‍ ഇരുന്ന സ്ഥലം ശുദ്ധികലശം ചെയ്ത സംഭവം അടുത്തുണ്ടായതാണെന്നും വേടന്‍ ചൂണ്ടിക്കാട്ടി.
തന്റെ നിലപാടുകള്‍ കാരണം നേരിടുന്ന ഭീഷണികളെക്കുറിച്ചും വേടന്‍ തുറന്നു സംസാരിച്ചു. ”ഭീഷണിപ്പെടുത്തുന്ന ആളുകള്‍ക്ക് പഴയതു പോലെ എന്നെ നേരിട്ട് ബന്ധപ്പെടാന്‍ കഴിയുന്നില്ല. പക്ഷേ പഴയതിനെക്കാള്‍ അപകടം പിടിച്ച അവസ്ഥയിലാണ് ഇപ്പോള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്. അത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഇത് ഞാന്‍ കണക്കുകൂട്ടി വച്ചതാണ്. കേരളത്തിലെ എല്ലാ സംഘപരിവാര്‍ പ്രവര്‍ത്തകരും എന്നെ കൊല്ലാന്‍ നില്‍ക്കുന്നവരാണ്. എന്റെ വായനയും ചുറ്റും നില്‍ക്കുന്നവരുടെ പ്രാര്‍ഥനയും കൊണ്ടാണ് എല്ലാം അതിജീവിക്കാന്‍ കഴിയുന്നത്. ഒറ്റയ്ക്ക് ഞാന്‍ ബലഹീനനാണ്.’-വേടന്‍ കൂട്ടിച്ചേര്‍ത്തു.